ഓണക്കിറ്റിലെ ഏലയ്ക്കയ്ക്ക് പിന്നില്‍ എട്ട് കോടിയുടെ അഴിമതി; അന്വേഷിക്കണമെന്ന് പിടി തോമസ്‌

തിരുവനന്തപുരം ∙ ഓണക്കിറ്റിലേക്ക് ഏലയ്ക്ക വാങ്ങിയതില്‍ 8 കോടി രൂപയുടെ അഴിമതിയെന്ന് പി.ടി.തോമസ് എംഎല്‍എ. കര്‍ഷകരില്‍നിന്നു നേരിട്ട് വാങ്ങാതെ ഇടനിലക്കാര്‍ വഴി ഉയര്‍ന്ന വിലയ്ക്ക് ഏലയ്ക്ക സംഭരിച്ചു. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നു തോമസ് ആവശ്യപ്പെട്ടു.

അതേസമയം, ഓണക്കിറ്റ് ഇതുവരെ വാങ്ങാത്ത റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഓണം കഴിഞ്ഞും വാങ്ങാമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ടോടെ കിറ്റ് വാങ്ങിയവരുട‌െ എണ്ണം 70 ലക്ഷത്തിലെത്തും. സാധനങ്ങള്‍ എത്തിച്ചിട്ടില്ലെന്ന ആരോപണം വിവാദമുണ്ടാക്കാനെന്നും അദ്ദേഹം പറഞ്ഞു.

ഓണത്തിന് മുൻപ് കിറ്റ് വിതരണം പൂർത്തിയാക്കാത്തത് ഗുരുതര കൃത്യവിലോപമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ലക്ഷക്കണക്കിന് ആളുകൾക്ക് കിറ്റ് ലഭിക്കാത്ത അവസ്ഥയാണെന്നും ജനങ്ങൾ നിരാശരാണെന്നും അദ്ദേഹം പറഞ്ഞു.