ആരോപണത്തിൽ ഉറച്ച് നിൽക്കുന്നു; പക്ഷെ 50 കോടി വേണ്ട; കിറ്റക്സിനെതിരായ ആരോപണങ്ങളിൽ പ്രതികരിച്ചു പി.ടി. തോമസ് എം.എല്‍.എ

കിറ്റെക്സ് കമ്പനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ തെളിവ് നൽകിയാൽ കിറ്റെക്സ് കമ്പനി ഉടമ സാബു ജേക്കബ് നൽകാമെന്ന് പറഞ്ഞ 50 കോടി രൂപ തനിക്ക് വേണ്ടെന്ന് പി.ടി തോമസ് എം.എൽ.എ. കമ്പനി മാലിന്യങ്ങൾ കടമ്പ്രയാറിൽ ഒഴുക്കി നദി മലിനമാക്കുന്നുവെന്നും തിരുപ്പൂരിൽ കോടതി ഇടപെട്ട് അടച്ച കമ്പനിയാണ് കിറ്റെക്സ് എന്നുമായിരുന്നു നിയമസഭയിൽ അദ്ദേഹത്തിന്റെ ആരോപണം. ഈ ആരോപണങ്ങൾക്ക് ഏഴ് ദിവസത്തിനകം തെളിവുമായി വന്നാൽ 50 കോടി രൂപ നൽകുമെന്നും ഇല്ലെങ്കിൽ പിടി തോമസ് തലമുണ്ഡനം ചെയ്യുകയും എം എൽ എ സ്ഥാനം രാജിവെക്കണമെന്നുമായിരുന്നു കിറ്റെക്സ് കമ്പനി ഉടമ സാബു ജേക്കബിന്റെ വെല്ലുവിളി.

10 ലക്ഷത്തിലധികം ജനങ്ങളുടെ കുടിവെള്ള സ്രോതസാണ് കടമ്പ്രയാർ നദി. ജീവന്റേയും കുടിവെള്ളത്തിന്റേയും പരിസ്ഥിതിയുടേയും പ്രശ്നമാണിതെന്നും അതിനെ 50 കോടിരൂപയുടെ വലിപ്പം കാണിച്ച് ലളിതമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. 50 കോടി രൂപ തരാമെന്ന് പറഞ്ഞത് തെറ്റായ മാർഗങ്ങളിലൂടെ ആയതിനാൽ തനിക്ക് ആ തുക ആവശ്യമില്ലെന്നും പി ടി തോമസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

പി ടി തോമസ് തന്റെ ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ്. 13 വർഷം കഴഞ്ഞിട്ടും കിറ്റെക്സ് കമ്പനി സുപ്രീംകോടതി നിഷ്കർഷിക്കുന്ന സീറോ ലിക്വിഡ് ഡിസ്ചാർജ് സിസ്റ്റം സ്ഥാപിച്ചിട്ടില്ലെന്നും കടമ്പ്രയാർ നദി വലിയ തോതിൽ മലിനപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. കമ്പനി എല്ലാ നിയമങ്ങളും പാലിച്ചാണ് പ്രവർത്തിക്കുന്നതെന്ന ഉടമയുടെ വാദം തെറ്റാണ്. കിറ്റെക്സ് കമ്പനിയിൽ നിന്നുള്ള മാലിന്യം കടമ്പ്രയാർ നദി മലിനപ്പെടുത്തുന്നുണ്ടെന്ന് 2021 ഫെബ്രുവരിയിലെ ജില്ലാ പഞ്ചായത്ത് വികസന സെമിനാറിൽ ചൂണ്ടികാണിച്ചിരുന്നുവെന്നും പി.ടി തോമസ് പറഞ്ഞു.