നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കാണാന്‍ പള്‍സര്‍ സുനിക്ക് അനുമതി; സ്വകാര്യ അഭിഭാഷകനെ വേണമെന്ന നടിയുടെ ആവശ്യം കോടതി അംഗീകരിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന് ആവശ്യപ്പെട്ട് നടി നല്‍കിയ ഹര്‍ജിയില്‍ അടുത്ത മാസം 18ന് വിധി പറയും. പ്രോസിക്യൂഷന് സഹായമായി സ്വകാര്യ അഭിഭാഷകനെ വേണമെന്ന നടിയുടെ ആവശ്യം കോടതി അംഗീകരിച്ചു.കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫും നല്‍കിയ ഹര്‍ജിയിലും വിധി പറയും.

നടിയെ ആക്രമിച്ചുപകര്‍ത്തിയ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജിയിലും വാദം പൂര്‍ത്തിയായി. കേസുമായി ബന്ധപ്പെട്ട 16 രേഖകളും ഫൊറന്‍സിക് പരിശോധനാ ദൃശ്യങ്ങളും ദിലീപിന് പൊലീസ് കൈമാറി.

അതേസമയം, നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കാണാന്‍ പള്‍സര്‍ സുനിക്ക് കോടതി അനുമതി നല്‍കി. കോടതിയുടെ സാന്നിദ്ധ്യത്തില്‍ അഭിഭാഷകനൊപ്പം പള്‍സര്‍ സുനിക്ക് ദൃശ്യങ്ങള്‍ കാണാം.

വൈദ്യ പരിശോധനാ റിപ്പോർട്ടുകൾ അടക്കം പ്രതിഭാഗത്തിന് ആവശ്യമായ രേഖകളുടെ പട്ടിക സമർപ്പിക്കാൻ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി നേരത്തെ നിർദേശിച്ചിരുന്നു. ദൃശ്യങ്ങള്‍ ഒഴികെയുള്ള എല്ലാ തെളിവുകളും പ്രതിഭാഗത്തിനു നൽകുകയും ചെയ്തിരുന്നു. ദൃശ്യങ്ങള്‍ കൈമാറുന്നത് ആക്രമിക്കപ്പെട്ട നടിയുടെ സുരക്ഷിതത്വത്തേയും സ്വകാര്യ ജീവിതത്തേയും ബാധിക്കുമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

പ്രതിക്ക് നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ അങ്കമാലി കോടതി അനുവദിച്ചില്ലെന്ന് ആരോപിച്ചാണ് ദിലീപ് ഹര്‍ജി നല്‍കിയത്. പ്രധാന തെളിവായ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ നല്‍കണം. പ്രതിയെന്ന നിലയിലുള്ള നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കണം തുടങ്ങിയവയാണ് ദിലീപിന്റെ ആവശ്യങ്ങള്‍.