പഞ്ചാബിന്റെയും ഹരിയാനയുടെയും തലസ്ഥാനമായ ചണ്ഡിഗഡ് ഉടൻ തിരികെ നൽകണമെന്ന് പഞ്ചാബ്

ചണ്ഡിഗഡ് ∙ കേന്ദ്രഭരണ പ്രദേശവും പഞ്ചാബിന്റെയും ഹരിയാനയുടെയും തലസ്ഥാനവുമായ ചണ്ഡിഗഡ് ഉടൻ തിരികെ നൽകണമെന്ന് പഞ്ചാബ് നിയമസഭയിൽ ആവശ്യപ്പെട്ടു. വോക്കൗട്ട് നടത്തിയ 2 ബിജെപി അംഗങ്ങളുടെ അസാന്നിധ്യത്തിൽ ആംആദ്മി പാർട്ടി, കോൺഗ്രസ്, ശിരോമണി അകാലി ദൾ, ബിഎസ്പി എന്നീ കക്ഷികളെല്ലാം ചേർന്ന് ഒറ്റക്കെട്ടായാണ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അവതരിപ്പിച്ച പ്രമേയത്തെ പിന്തുണച്ചത്.

രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി തുടങ്ങിയവരെ വരുംദിവസങ്ങളിൽ കണ്ട് പഞ്ചാബിന്റെ ആവശ്യം അറിയിക്കുമെന്നും ചണ്ഡിഗഡിലെ ഭരണസംവിധാനത്തെ തകിടം മറിക്കുന്ന കേന്ദ്ര നടപടി സ്വേച്ഛാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചണ്ഡിഗഡിലെ സർക്കാർ ജീവനക്കാർക്ക് കേന്ദ്ര സർക്കാരിന്റെ സേവന വ്യവസ്ഥകൾ ബാധകമാക്കിയതിനെ തുടർന്നാണിത്.

പഞ്ചാബിന്റെയും ഹരിയാനയുടെയും സംയുക്ത തലസ്ഥാനമായി ചണ്ഡിഗഡ് തുടരും. ഇരുസംസ്ഥാനങ്ങൾക്കും ചർച്ച ചെയ്യാൻ ഇതല്ലാതെ വേറെ അനേകം വിഷയങ്ങളുണ്ട്. പഞ്ചാബ് സർക്കാർ ജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. കേന്ദ്ര സർക്കാർ നടപടി സ്വാഗതാർഹമാണ്. ജീവനക്കാരുടെ ആവശ്യവും താൽപര്യവും കണക്കിലെടുത്തായിരുന്നു തീരുമാനം.

ചണ്ഡിഗഡിലെ ജീവനക്കാർക്ക് ഇതുവരെ ഓരോ കേന്ദ്ര സർക്കാർ ഉത്തരവും നടപ്പാക്കിക്കിട്ടാൻ പഞ്ചാബ് സർക്കാരിന്റെ വിജ്ഞാപനം കൂടി വേണമായിരുന്നു. ഇനി അതു നേരിട്ടു തന്നെ ബാധകമാകും. ഇതു ജീവനക്കാർക്കു വളരെയേറെ ഗുണകരമാണ്.’ – മനോഹർലാൽ ഖട്ടർ