പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്, 13 റൗണ്ടുകളിലായി വോട്ടെണ്ണല്‍ നടക്കും

കോട്ടയം. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വെള്ളിയാഴ്ച എട്ട് മണി മുതല്‍ ആരംഭിക്കും. കോട്ടയം ബസേലിയോസ് കോളേജ് ഓഡിറ്റോറിയത്തിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. മൊത്തം 20 മേശകളിലായിട്ടാണ് വോട്ടെണ്ണല്‍ നടക്കുക. 14 മേശകളില്‍ വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണും. അഞ്ച് മേശയില്‍ തപാല്‍ വോട്ടുകളും ഒരു മേശയില്‍ സര്‍വീസ് വോട്ടര്‍മാര്‍ക്കുള്ള ഇടിപിബിഎസ് വോട്ടുകളും എണ്ണും.

ആദ്യം തപാല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളും എണ്ണിതുടങ്ങും. ആകെ 182 ബൂത്തുകളാണ് പുതുപ്പള്ളിയിലുള്ളത്. 14 മേശകളിലായി 13 റൗണ്ടുകളായിട്ടാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടെണ്ണല്‍. ഒന്നുമുതല്‍ 182 വരെയുള്ള ബൂത്തികളിലെ വോട്ടുകള്‍ തുടര്‍ച്ചയായിട്ടാണ് എണ്ണുക. 80 വയസ് പിന്നിട്ടവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍തന്നെ വോട്ട് ചെയ്യാന്‍ അവസരം ഒരുക്കിയതോടെ 2491 പേര്‍ വോട്ട് രേഖപ്പെടുത്തി.

ഈ വോട്ടുകള്‍ അഞ്ച് മേശകളിലായിട്ടാണ് എണ്ണുക. സര്‍വീസ് വോട്ടര്‍മാര്‍ക്കുള്ള ഇടിപിബിഎസ് ബാലറ്റുകള്‍ 138 എണ്ണമാണുള്ളത്. ഇത് മറ്റൊരു മേശയിലെണ്ണും. പുതുപ്പള്ളി തിരഞ്ഞെടുപ്പില്‍ 72.68 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് മനപ്പൂര്‍വം വൈകിച്ചുവെന്ന ആരോപണം കളക്ടര്‍ തള്ളി.