പുട്ടിന്‍ ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് വിവരം, പിന്മാറ്റം ഐസിസി അറസ്റ്റ് വാറന്റ് നിലനില്‍ക്കുന്നതിനാല്‍

ഇന്ത്യയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ നിന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുട്ടിന്‍ വിട്ടുനില്‍ക്കുമെന്ന് സൂചന. രാജ്യാന്തര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്റ് നിലനില്‍ക്കുന്നതിനാലാണ് പിന്മാറ്റത്തിന് കാരണം. മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്താല്‍ അറസ്റ്റിന് ഇടയാക്കുമെന്നതാണ് കാരണം.

അതേസമയം ഇതേ കാരണത്താല്‍ ബ്രിക്‌സ് ഉച്ചകോടിയിലും പുട്ടിന്‍ പങ്കെടുത്തില്ല. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു പുട്ടിന്‍ ബ്രിക്‌സില്‍ പങ്കെടുത്തത്. ബ്രിക്‌സില്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ഗെയ് ലാവ്‌റോവാണ് എത്തിയത്. യുക്രൈനില്‍ നിന്നും കുട്ടികളെ അനധികൃതമായി റഷ്യയിലേക്ക് കടത്തിയതിനാണ് പുട്ടിനെതിരെ അറസ്റ്റ് വാറന്റ്.

വാറന്റ് നിലനില്‍ക്കുന്നതിനാല്‍ ഐസിസി അംഗത്വമുള്ള രാജ്യങ്ങളില്‍ പ്രവേശിപ്പിച്ചാല്‍ അറസ്റ്റ് ചെയ്യപ്പെടും. തുടര്‍ന്ന് ഹേഗില്‍ കോടതിയില്‍ ഹാജരാക്കി വിചാരണ നടത്തും. ഏതെങ്കിലും രാജ്യത്തിന്റെ പ്രസിഡന്റായിരിക്കെ അറസ്റ്റ വാറന്റ് ലഭിക്കുന്ന മൂന്നാമത്തെ വ്യക്തിയാണ് പുട്ടിന്‍.