ഖത്തറിൽ തടവിലായ എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ, ഖത്തറുമായി ആശയവിനിമയം നടത്തി വരികയാണെന്ന് വിദേശകാര്യമന്ത്രാലയം

ദോഹ. ഖത്തറിൽ തടവിലായ എട്ട് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർക്ക് വധശിക്ഷ. ഇസ്രായേലിന് വേണ്ടി ചാരവൃത്തി ചെയ്തുവെന്നാണ് മുൻ നാവിക ഉദ്യോഗസ്ഥർക്കെതിരെയുള്ള കുറ്റം. ദഹ്‌റ ഗ്ളോബൽ ടെക്‌നോളജീസ് ആന്റ് കൺസൾട്ടൻസി എന്ന കമ്പനിയിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. ക്യാപ്‌ടൻ നവ്‌തേജ് സിംഗ് ഗിൽ, ക്യാപ്‌ടൻ ബീരേന്ദ്ര കുമാർ വെർമ, ക്യാപ്‌ടൻ സൗരഭ് വസിഷ്ഠ്, കമാൻഡർ അമിത് നാഗ്‌പാൽ, കമാൻഡർ പൂർണേന്ദു തീവാരി, കമാൻഡർ സുഗുണാകർ പകാല, കമാൻഡർ സഞ്ജീവ് ഗുപ്‌ത, സെയ്‌ലർ രാഗേഷ് എന്നിവരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.

ഖത്തർ സേനയ്ക്ക് പരിശീലനവും മറ്റ് സേവനങ്ങളും നൽകുന്ന സ്വകാര്യ കമ്പനിയാണിത്. ഖത്തറിലെ കോ‌ർട്ട് ഒഫ് ഫസ്റ്റ് ഇൻസ്റ്റൻസ് ആണ് ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചത്. ഖത്തറിന്റെ നടപടി ഞെട്ടിപ്പിക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾക്കായി ഖത്തറുമായി ആശയവിനിമയം നടത്തി വരികയാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

2022 ഓഗസ്റ്റ് മുതൽ ഇവർ ഖത്തറിലെ ജയിലിൽ കഴിയുകയാണ്. ഒരു അന്തർവാഹിനിയുമായി ബന്ധപ്പെട്ട പരിപാടിയിൽ ചാരവൃത്തി നടത്തിയെന്നാണ് ആരോപണം. കഴിഞ്ഞ മാർച്ചിൽ ഇവർ വിചാരണയ്ക്ക് വിധേയരായിരുന്നു. ഇവരുടെ ജാമ്യാപേക്ഷകൾ നിരവധി തവണ തള്ളിയ ഖത്തർ അധികൃതർ തടവ് ശിക്ഷ നീട്ടുകയായിരുന്നു.

അതേസമയം, മുൻ നാവിക ഉദ്യോഗസ്ഥർക്കെതിരായ നടപടി ഞെട്ടിപ്പിക്കുന്നതാണെന്ന് ഇന്ത്യ പ്രതികരിച്ചു. വിശദമായ വിധി വരുന്നതിനായി കാത്തിരിക്കുകയാണ്. ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളുമായും അഭിഭാഷകരുമായും ബന്ധപ്പെടുന്നുണ്ട്. നിയമപരമായ എല്ലാ സാദ്ധ്യതകളും പരിശോധിക്കുകയാണ്. കേസിന് വളരെ പ്രാധാന്യം നൽകുന്നുണ്ട്. സാദ്ധ്യമായ എല്ലാ നിയമസഹായവും ലഭ്യമാക്കും. ശിക്ഷാവിധിയെക്കുറിച്ച് ഖത്തർ അധികാരികളുമായി ചർച്ച ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിലൂടെ അറിയിച്ചു.