എലിസബത്ത് രാജ്ഞി അന്തരിച്ചു,​ വിട വാങ്ങിയത് ബ്രിട്ടൻ ഏറ്റവും കൂടുതൽ കാലം ഭരിച്ച ഭരണാധികാരി

ലണ്ടൻ. ഏറ്റവും കൂടുതൽ കാലം ബ്രിട്ടൻ ഭരിച്ചിരുന്ന ഭരണാധികാരി എലിസബത്ത് രാജ്ഞി അന്തരിച്ചു. 96 വയസായിരുന്നു. സ്കോട്ടലൻഡിലെ ബാൽമോറലിലെ കൊട്ടാരത്തിൽ വെച്ചായിരുന്നു അന്ത്യം. മരണവാർത്ത ബക്കിംഗ് ഹാം പാലസ് സ്ഥിരീകരിച്ചു. ആരോഗ്യ നില വഷളായതി​നെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ മുതല്‍ ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു രാജ്ഞിയെന്ന് ബക്കിങ്ഹാം കൊട്ടാരം അറിയിച്ചു.

മരണ സമയത്ത് കിരീടാവകാശിയും മകനുമായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും മകൾ ആൻ രാജകുമാരിയും രാജ്ഞിക്കൊപ്പം ഉണ്ടായിരുന്നു. കിരീടധാരണത്തിന്റെ 70​ാം വർഷത്തിലാണ് എലിസബത്ത് രാജ്ഞി വിടപറയുന്നത്. തുടര്‍ച്ചയായി 70 വര്‍ഷം ഇവര്‍ അധികാരത്തിലിരുന്നു. 1952 ല്‍ ആണ് എലിസബത്ത് രാജ്ഞി രാജഭരണമേറ്റത്. 1953 ല്‍ ആയിരുന്നു വെസ്റ്റ്മിനിസ്റ്റര്‍ ആബിയില്‍ കിരീടധാരണം. ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടന്‍ ഭരിച്ച ഭരണാധികാരിയാണ് എലിസബത്ത് രാജ്ഞി. ലോകത്തെ അതിസമ്പന്നരായ വനിതകളില്‍ ഒരാളായിരുന്നു.

15 പ്രധാനമന്ത്രിമാര്‍ എലിസബത്ത് രാജ്ഞിയുടെ കാലത്തുണ്ടായി. 1874 ല്‍ ജനിച്ച വിന്‍സ്റ്റന്‍ ചര്‍ച്ചിലിനെയും 101 വര്‍ഷങ്ങള്‍ക്ക് ശേഷം ജനിച്ച ലിസ് ട്രസ്സിനെയും പ്രധാനമന്ത്രിയായി നിയമിച്ച അപൂര്‍വതയും എലിസബത്ത് രാജ്ഞിക്ക് സ്വന്തമാണ്. 1926 ഏപ്രിൽ 21നാണ് ആൽബർട്ട് രാജകുമാരന്‍റേയും എലിസബത്ത് ബോവ്സിന്‍റേയും മകളായായിരുന്നു ജനനം.1947ൽ ഫിലിപ്പ് മൗണ്ട്ബാറ്റനുമായി വിവാഹിതയായി. ചാൾസ്, ആൻ, ആൻഡ്രൂ,എഡ്വേ‍ർ‍‍ഡ് എന്നിങ്ങനെ നാല് മക്കളാണ് രാജ്ഞിക്കുള്ളത്. 2002 ൽ രാജഭരണത്തിന്‍റെ സുവ‍‍ർണ ജൂബിലിയാഘോഷിച്ചു. 2012 ൽ ഡയമണ്ട് ജൂബിലി ആഘോഷിച്ചു. അയർലൻഡ് സന്ദർശിച്ച ആദ്യത്തെ ബ്രിട്ടിഷ് ഭരണാധികാരികൂടിയാണ് രാജ്ഞി.

കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ മുതലാണ് എലിസബത്ത് രാജ്ഞിയെ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടാന്‍ തുടങ്ങുന്നത്. നടക്കാനും നില്‍ക്കാനും ബുദ്ധിമുട്ട് നേരിട്ടിരുന്ന 96 വയസുള്ള രാജ്ഞിയെ വ്യാഴാഴ്ച രാവിലെ പരിശോധിച്ചപ്പോഴാണ് ഡോക്ടര്‍മാര്‍ ആരോഗ്യനിലയില്‍ ആശങ്ക അറിയിക്കുന്നത്. എലിസബത്ത് രാജ്ഞിയുടെ അസാന്നിധ്യത്തില്‍ മൂത്ത മകന്‍ ചാള്‍സ് രാജ്യത്തെ നയിക്കുമെന്ന് ബക്കിങ്ഹാം കൊട്ടാരം അറിയിച്ചു. രാജ്ഞിയുടെ മരണവാര്‍ത്ത പുറത്തുവന്നതോടെ ബക്കിങ് ഹാം കൊട്ടാരത്തിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തി. രാജ്ഞിയുടെ മൃതദേഹം ഇ​പ്പോള്‍ ബാല്‍മോറിലെ കൊട്ടാരത്തിലാണുള്ളത്.