പോപ്പുലർ ഫ്രണ്ട് ഭീകരരുടെ വീടുകളിൽ റെയ്ഡ്, കാസർകോട് ഇഡിയുടെ പരിശോധന

കാസർകോട് : സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് അംഗങ്ങളുടെ വീടുകളിൽ ഇഡിയുടെ മിന്നൽ പരിശോധന. തൃക്കരിപ്പൂർ, മൊട്ടമ്മൽ, ഉടുമ്പുന്തല ഭാഗങ്ങളിലാണ് പരിശോധന നടക്കുന്നത്. പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റായിരുന്ന തൃക്കരിപ്പൂർ സ്വദേശി സിടി സുലൈമാന്റെ സഹോദരങ്ങളുടെ വീടുകളിലായിരുന്നു പരിശോധന. സുലൈമാനെ കഴിഞ്ഞ സെപ്റ്റംബറിൽ ദേശീയ അന്വേഷണ സംഘം അറസ്റ്റ്ചെയ്തിരുന്നു.

കേന്ദ്ര സേനാംഗങ്ങൾക്കൊപ്പമാണ് ഇഡി ഉദ്യോഗസ്ഥർ പിഎഫ്‌ഐ ഭീകരരുടെ വീടുകളിലെത്തി പരിശോധന നടത്തിയത്. അതേസമയം, ഹൈക്കോടതിയുടെ മുൻകാല ഉത്തരവുകൾക്ക് വിരുദ്ധമായി കൃത്യമായ നോട്ടീസ് നൽകാതെ ഹർത്താൽ നടത്തിയതിന് പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരെ കോടതിലക്ഷ കേസിൽ സ്വത്തുക്കൾ കണ്ടുകെട്ടിയ നടപടിക്ക് എതിരായ പുനഃ പരിശോധന ഹർജി ഹൈക്കോടതി തള്ളി. വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ കിടക്കുന്ന പ്രതികൾ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച പുനഃ പരിശോധന ഹർജിയാണ് തള്ളിയത്.

നേരത്തെ സുപ്രീംകോടതിയെ സ്പെഷ്യൽ ലീവ് ഹർജി മുഖേനെ സമർപ്പിച്ചതിന് ശേഷം അത് പിൻവലിച്ചാണ് സുപ്രീംകോടതി നിർദേശപ്രകാരം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മുമ്പാകെ പുനഃ പരിശോധന ഹർജി സമർപ്പിച്ചിരുന്നത്. റവന്യൂ റിക്കവറി നടപടിക്രമങ്ങൾ പാലിച്ച് ചട്ടപ്രകാരമാണ് കണ്ടുകെട്ടൽ നടപടികൾ നടത്തിയിരിക്കുന്നത് എന്നും പ്രതികളോട് അടയ്ക്കാൻ പറഞ്ഞിരിക്കുന്ന തുക ഒരു പ്രത്യേക അക്കൗണ്ടിലാണ് സൂക്ഷിക്കുന്നതെന്നും സംസ്ഥാന സർക്കാരിന്റെയും കെഎസ്ആർടിസിയുടെയും നഷ്ടത്തുക തീരുമാനമാക്കുന്ന നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം മറ്റ് നടപടികൾ പൂർത്തീകരിക്കാനാണ് ഉത്തരവിട്ടിരുന്നതെന്നും ഹൈക്കോടതി ഓർമിപ്പിച്ചു.