യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍; ഉത്തരവാദിത്വമില്ലാത്ത പ്രവര്‍ത്തനങ്ങളാണ് പ്രതിപക്ഷത്തിന്റേതെന്ന് പ്രധാനമന്ത്രി

ഡല്‍ഹിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് തടഞ്ഞ് പോലീസ് കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തു. പെഗസിസ് ചാരവൃത്തിയും എണ്ണവില വര്‍ധനവും ഉന്നയിച്ചാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. ബാരിക്കേഡ് ഭേദിച്ചവരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. പ്രതിഷേധക്കാര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ച പൊലീസ് ദ്വിഗ്വിജയ് സിംഗ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തു.

മാര്‍ച്ചില്‍ രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി. സര്‍ക്കാരിന്റെ പ്രവര്‍ത്തനം കുത്തകകള്‍ക്ക് വേണ്ടിയാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. രാജ്യത്തെ ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മയാണെന്നും എന്നാല്‍ ഇതേക്കുറിച്ച് പ്രധാനമന്ത്രി ഒന്നും സംസാരിക്കുന്നില്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

‘ഇന്ത്യയുടെ സത്യങ്ങളെ അടിച്ചമര്‍ത്തുകയെന്നതാണ് നരേന്ദ്രമോദിയുടെ ജോലി. രാജ്യത്തെ ചില വ്യവസായികള്‍ക്ക് വേണ്ടിയാണ് അവര്‍ പണിയെടുക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ തൊഴിലില്ലായ്മയെ കുറിച്ചോ കര്‍ഷകരെ കുറിച്ചോ മിണ്ടുന്നില്ല. രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

അതേസയം പാര്‍ലമെന്റ് സ്തംഭനത്തില്‍ പ്രധാനമന്ത്രിയും രൂക്ഷമായി വിമര്‍ശനമുയര്‍ത്തി. രാജ്യത്തിന്റെ വികസനത്തെ തടസ്സപ്പെടുത്താനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നത്. എല്ലാ മേഖലകളിലും വികസനം ഉണ്ടാകുമ്പോള്‍ അത് തടസപ്പെടുത്താനാണ് അവര്‍ ശ്രമിക്കുന്നത്. ഉത്തരവാദിത്വമില്ലാത്ത പ്രവര്‍ത്തനങ്ങളാണ് പ്രതിപക്ഷത്തിന്റേതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.