എല്ലാവരും സുരക്ഷിതരായിരിക്കുക’; കേരളത്തിലെ കോവിഡ് കേസുകളിൽ ആശങ്കയറിയിച്ച് രാഹുൽ

ന്യൂഡല്‍ഹി: കേരളത്തില്‍ കോവിഡ് 19 കേസുകള്‍ ഉയരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച്‌ വയനാട് എം.പിയും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി. കേരളീയര്‍ സുരക്ഷാനടപടികളും മാര്‍ഗനിര്‍ദേശങ്ങളും കൃത്യമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് 19 കേസുകളില്‍ 50 ശതമാനവും സംസ്ഥാനത്ത് നിന്നാണ്. ഈ സാഹചര്യത്തിലാണ് ആശങ്ക അറിയിച്ചുകൊണ്ടുളള രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

‘കേരളത്തിലെ ഉയരുന്ന കൊറോണ വൈറസ് ബാധ ആശങ്ക സൃഷ്ടിക്കുന്നു. സംസ്ഥാനത്തെ എല്ലാ സഹോദരീസഹോദരന്മാരോടും എല്ലാ സുരക്ഷാ മുന്‍കരുതലുകളും മാര്‍ഗനിര്‍ദേശങ്ങളും പാലിക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. സുരക്ഷിതരായിരിക്കൂ.’ രാഹുല്‍ ട്വീറ്റ് ചെയ്തു

കഴിഞ്ഞ ദിവസങ്ങളിലായി 22 ,000 ന് മുകളിലാണ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരിക്കുന്നത് . 22,064 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത് . അതെ സമയം ഉയരുന്ന സംസ്ഥാനത്തെ കോവിഡ് കേസുകളുടെ വര്‍ധന മൂന്നാംതരംഗത്തിന്റെ ആരംഭമെന്ന സൂചനയാണ് നല്‍കുന്നത്.

നിലവില്‍ മലപ്പുറം, തൃശ്ശൂര്‍, കോഴിക്കോട്, എറണാകുളം, പാലക്കാട്, കൊല്ലം, ആലപ്പുഴ, കണ്ണൂര്‍, തിരുവനന്തപുരം, കോട്ടയം എന്നീ ജില്ലകളിലാണ് കേസുകള്‍ ഏറ്റവും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

അതെ സമയം കേരളത്തില്‍ കോവിഡ് കേസുകള്‍ കൂടി വരുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കഴിവുകേടാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ ആരോപിച്ചിരുന്നു. കേരളത്തിലെ ഉയര്‍ന്ന തോതിലുള്ള കോവിഡ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിനെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആറംഗ വിദഗ്ധസംഘത്തെ നിയോഗിച്ചിട്ടുണ്ട്. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ(എന്‍.സി.ഡി.സി.) ഡയറക്ടര്‍ ഡോ. എസ്.കെ.സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച കേരളത്തിലെത്തും. രോഗവ്യാപനം കൂടുതലുള്ള ജില്ലകള്‍ ഇവര്‍ സന്ദര്‍ശിച്ചേക്കും .