രാഹുല്‍ പെരുമാറുന്നത് ട്രോളന്‍മാരെപ്പോലെ, മോദി അഴിമതിക്കാരനെന്ന് ജനം വിശ്വസിക്കില്ല – അനില്‍ ആന്‍റണി

ന്യൂഡൽഹി ∙ രാഹുലിന്റെ പെരുമാറ്റം ട്രോളന്‍മാരെപ്പോലെയെന്ന് അനില്‍ ആന്‍റണി. കോണ്‍ഗ്രസ് വിട്ട അഞ്ച് വ്യക്തികളുടെ പേര് ഉപയോഗിച്ച് അദാനി എന്നെഴുതിയ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിനെ വിമര്‍ശിച്ചു കൊണ്ടാണ് ബിജെപിയിൽ ചേർന്ന അനില്‍ ആന്‍റണിയുടെ പ്രതികരണം. രാഹുല്‍ പെരുമാറുന്നത് ട്രോളന്‍മാരെപ്പോലെയാണ്. രാഹുല്‍ ദേശീയനേതാവിനെപ്പോലെ സംസാരിക്കണം. മോദി അഴിമതിക്കാരനെന്ന് ജനം വിശ്വസിക്കില്ല. റഫാലില്‍ എന്നപോലെ ആരോപണങ്ങള്‍ തല്ലും – അനില്‍ ആന്‍റണി പറഞ്ഞു.

‘ഇന്ത്യയ്ക്ക് വേണ്ടി 40 വർഷത്തോളം പ്രവർത്തിച്ച ക്യാപ്റ്റൻ അമരിന്ദർ സിങ്, ഗുലാം നബി ആസാദ്, ജ്യോതിരാദിത്യ സിന്ധ്യ, കിരൺകുമാർ റെഡ്ഡി എന്നിവർക്കൊപ്പം എന്റെ പേരും കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. ഒരു കുടുംബത്തിനുവേണ്ടി പ്രവർത്തിക്കാതെ രാഷ്ട്രതാൽപര്യത്തിനു വേണ്ടി പ്രവർത്തിക്കാനിറങ്ങിയതാണ് എല്ലാവരും. രാഹുൽഗാന്ധി ഇന്ത്യയിൽ ഏറ്റവും പഴക്കമുള്ള ഒരു ദേശീയ പാർട്ടിയുടെ മുൻ പ്രസിഡന്റാണ്. അദ്ദേഹത്തെ ഭാവി പ്രധാനമന്ത്രിയെന്ന് പറഞ്ഞാണ് പ്രവർത്തകർ നടക്കുന്നത്. ഇങ്ങനെയൊരു വ്യക്തി ട്രോളന്മാരെ പോലെ പെരുമാറുന്നത് ഏറെ വിഷമമുണ്ടാക്കുന്നതാണ്’ അനില്‍ ആന്‍റണി പറഞ്ഞിരിക്കുന്നു.

2024ൽ, കഴിഞ്ഞ തവണ കണ്ടതിനേക്കാൾ വൻ ഭൂരിപക്ഷത്തോടെ ബിജെപി ജയിക്കും. കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ പോലുള്ള മുതിർന്ന നേതാക്കളെ ഞാൻ ബഹുമാനിക്കുന്നു. വളരെ നല്ല നേതാവാണ്. പക്ഷേ ഇന്ന് കോൺഗ്രസ് പാർട്ടിയിലെ ഈ മഹാന്മാർ ഭീഷ്മാചാര്യനെപോലെയും ദ്രോണാചാര്യനെപോലെയും അധർമത്തിന്റെ പാതയിലാണ്. തിരഞ്ഞെടുപ്പിൽ ജനം അത് അവരെ ബോധ്യപ്പെടുത്തും’ – അനിൽ ആന്റണി പറഞ്ഞിരിക്കുന്നു.