ഭാരത് ജോഡോ യാത്ര നിർത്തിവെച്ച് രാഹുൽ ദില്ലിയിലേക്ക്

ന്യൂഡൽഹി. കോൺഗ്രസ് അധ്യക്ഷ സ്ഥാനം സംബന്ധിച്ചുള്ള ചർച്ചകൾ മുറുകുന്നതിനിടെ രാഹുൽ ഗാന്ധിയെയും പാർട്ടി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെയും ദില്ലിയിലേക്ക് വിളിപ്പിച്ച് സോണിയ ഗാന്ധി. ചൊവ്വാഴ്ച രാവിലെയാണ് കെ സി വേണുഗോപാലിനോട് ദില്ലിയിലെത്താൻ ആവശ്യപ്പെട്ടത്. ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധിയോടും ദില്ലിയിലെത്താൻ സോണിയ ഗാന്ധി നിർദേശിക്കുകയായിരുന്നു.

ഭാരത് ജോഡോ യാത്ര നയിക്കുന്ന അമരക്കാരനെയും യാത്ര പരിപാടിയുടെ നടത്തിപ്പ് ചുമതലയുള്ള വേണുഗോപാലിനെയും ദില്ലിയിലേക്ക് വിളിപ്പിച്ചതോടെ ഭാരത് ജോഡോ യാത്ര പരിപാടി നിർത്തിവെക്കേണ്ട സ്ഥിതിയിലായി. രാഹുൽ യാത്രക്ക് ഒരു ദിവസത്തെ അവധി നൽകി വെള്ളിയാഴ്ച ഡൽഹിയിൽ എത്തുമെന്നാണ് പുറത്ത് വന്നിട്ടുള്ള റിപ്പോർട്ടുകൾ പറയുന്നത്. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നത് സംബന്ധിച്ച ആവശ്യവുമായി കൂടുതൽ സംസ്ഥാന നേതൃത്വങ്ങൾ രംഗത്തെത്തിയിരിക്കുന്ന സാഹചര്യത്തിലാണ് തിരക്കിട്ട നീക്കം നടക്കുന്നത്.

രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് താൻ മത്സരിക്കാനില്ലെന്ന ഉറച്ച നിലപാടിൽ തന്നെയാണ്. ഈ സാഹചര്യത്തിൽ ഔദ്യോഗിക പക്ഷത്തിന്റെ സ്ഥാനാർത്ഥിയായി മുതിർന്ന നേതാവായ അശോക് ഗെഹ്ലോട്ട് മത്സരിക്കണമെന്ന നിലപാടിലേക്കാണ് ഹൈക്കമാന്റ് നീക്കം. ഇക്കാര്യം സോണിയ ഗെഹ്ലോട്ടുമായി ചർച്ച നടത്തിയിട്ടുണ്ട്. എന്നാൽ മത്സരിക്കുന്നതിന് ചില ഉപാധികൾ ഗെഹ്ലോട്ട് മുന്നോട്ട് വെച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

രാജസ്ഥാനിൽ താൻ പറയുന്ന നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഇക്കാര്യത്തിൽ ഗെഹ്ലോട്ട് ഉന്നയിക്കുന്ന ആവശ്യം. ഗെഹ്ലോട്ട് അധ്യക്ഷനായാൽ സച്ചിനെ മുഖ്യമന്ത്രിയാക്കാനുള്ള ആലോചനകൾ ഹൈക്കമാന്റിൽ നടക്കുകയാണ്. രാജസ്ഥാൻ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലേറിയത് മുതൽ ഇരുവരും തമ്മിൽ അധികാര തർക്കം നിലനിൽക്കുകയാണ്. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് സച്ചിനെ മുഖ്യമന്ത്രിയാക്കുന്നത് ഗുണം ചെയ്യുമെന്നാണ് ഹൈക്കമാന്റ് കണക്ക് കൂട്ടുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച സച്ചിനെ ഗെഹ്ലോട്ടിന് വേണ്ടിയാണ് നേതൃത്വം ഇത്രയും കാലം മാറ്റി നിർത്തിയത്.

നിലവിൽ യാതൊരു പദവിയുമില്ലാതെ തുടരുന്ന സച്ചിന് വേണ്ടി അദ്ദേഹത്തിന്റെ പക്ഷത്തുള്ള മുതിർന്ന നേതാക്കൾ മുറവിളി കൂട്ടുകയാണ്. നേതൃത്വം കണ്ണടച്ചാൽ തിരഞ്ഞെടുപ്പിന് മുൻപ് സച്ചിന്റെ ഭാഗത്ത് നിന്നും കടുത്ത തീരുമാനങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ ചൂണ്ടിക്കാട്ടപ്പെടുന്നു. എന്നാൽ സച്ചിന് സ്ഥാനം നൽകുന്നത് തടയിടുമെന്ന ഉറച്ച നിലപാടിൽ തുടരുകയാണ് ഗെഹ്ലോട്ട്. ഈ സാഹചര്യത്തിൽ ഗെഹ്ലോട്ടിന് പകരം മുതിർന്ന നേതാവായ മുകുൾ വാസ്നിക്കിന്റെ പേര് ഹൈക്കമാന്റ് പരിഗണിച്ചേക്കുമെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.

രാഹുൽ ഗാന്ധി അധ്യക്ഷനാകണമെന്ന ആവശ്യവുമായി കൂടുതൽ പി സി സികൾ രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള നേതാക്കളും രാഹുൽ ഗാന്ധി അധ്യക്ഷനാവണമെന്നാണ് ആവശ്യപ്പെടുന്നത്. അതേസമയം രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ മത്സരിക്കാനില്ലെന്ന നിലപാടിലാണ് തരൂർ. രാഹുൽ ഗാന്ധിയ്ക്കെതിരെ മത്സരിച്ചാൽ അത് തിരിച്ചടിയാകുമെന്ന ആശങ്ക തരൂരിനു വന്നു കഴിഞ്ഞു. കേരളത്തിലെ നേതാക്കൾ ഉൾപ്പെടെ ഇതിനോടകം തരൂരിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ രംഗത്തെത്തിയത് തരൂരിനെ തീർത്തും വെട്ടിലാക്കിയിരിക്കുകയാണ്. തിരഞ്ഞെടുപ്പിൽ നെഹ്റു കുടുംബത്തിന്റെ നിലപാടിനൊപ്പമായിരിക്കും തങ്ങൾ എന്നാണ് മുതിർന്ന നേതാക്കളായ മുല്ലപ്പള്ളിയും ചെന്നിത്തലയും ഉൾപ്പടെയുള്ള നേതാക്കൾ തുറന്നടിച്ചിരിക്കുന്നത്.

ഇതിനിടെയാണ് രാഹുൽ ഗാന്ധി മത്സരിച്ചാലും സ്ഥാനാർത്ഥിയാകാൻ തയ്യാറാണെന്നാണ് ജി23 യിൽ നിന്നുള്ള മറ്റൊരു നേതാവായ മനീഷ് തിവാരി വ്യക്തമാക്കിയിരിക്കുന്നത്. തരൂരിന്റെ നിലപാട് മാറ്റത്തിൽ ജി 23 യിൽ അതൃപ്തി നിലനിൽക്കുന്നുണ്ടെന്നാണ് വിവരം. സമവായമല്ല തിരഞ്ഞെടുപ്പാണ് നടക്കേണ്ടതെന്നാണ് കോൺഗ്രസിലെ തിരുത്തൽവാദി സംഘം പറയുന്നത്.