സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ശക്തമായ മഴ ലഭിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നേരത്തെ കൊല്ലം ജില്ലയില്‍ മാത്രം ശക്തമായ മഴ ലഭിക്കുമെന്നായിരുന്നു പ്രവചനം.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കാവുന്ന ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും. ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലായതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.