ഒറ്റ രാത്രി പെയ്ത മഴയിൽ തലസ്ഥാനത്ത് വീണ്ടും വെള്ളപ്പൊക്കം

തിരുവനന്തപുരം : ഒറ്റ രാത്രി പെയ്ത മഴയിൽ തലസ്ഥാനത്തു വെള്ളപ്പൊക്കം. ബുധനാഴ്ച വൈകുന്നേരം മുതൽ ഇന്നലെ പുലർച്ചെ വരെ പെയ്ത ശക്തമായ മഴയെത്തുടർന്ന് നദികളിലെ ഒഴുക്കു കൂടിയതും ആമയിഴഞ്ചാൻ, ഉള്ളൂർ, പട്ടം തോടുകൾ കരകവിഞ്ഞതുമാണ് താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിലാക്കിയത്. കഴിഞ്ഞ മാസം 14 നു പെയ്ത മഴയിൽ വെള്ളക്കെട്ടിലായ പ്രദേശങ്ങൾ തന്നെയാണ് ഇന്നലെയും ദുരിതത്തിലായത്.

ഗൗരീശപട്ടം, പാറ്റൂർ, കണ്ണമ്മൂല, ഉള്ളൂർ, തേക്കുംമൂട്, ബണ്ട് കോളനി, കാരച്ചിറ, പ്ലാമൂട്, കുഴിവയൽ, മുറിഞ്ഞപാലം തുടങ്ങി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ അഞ്ഞൂറിലധികം വീടുകളിൽ വെള്ളം കയറി. ഓടകൾ ഒരാഴ്ചയ്ക്കുള്ളിൽ വൃത്തിയാക്കുമെന്നതുൾപ്പെടെ വെള്ളപ്പൊക്കം തടയാനുള്ള കർമപദ്ധതികൾ കഴിഞ്ഞ മാസം സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതു ജലരേഖയായതോടെയാണ് തലസ്ഥാനം വീണ്ടും വെള്ളത്തിലായത്.

2018 പ്രളയകാലത്ത് പോലും തലസ്ഥാനം കാണാത്ത വെള്ളപ്പൊക്കമാണ് ഉണ്ടാകുന്നത്. തലസ്ഥാനത്തെ ഏറ്റവും വികസിത പ്രദേശമായ കഴക്കൂട്ടത്ത് പോലും വെള്ളം കയറുകയും, ടെക്‌നോപാർക്ക് ജീവനക്കാരെ അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ താമസസ്ഥലത്ത് നിന്ന് മാറ്റേണ്ട അവസ്ഥ കഴിഞ്ഞ ദിവസവും ഉണ്ടായി.