സുധാകരനെന്ന നികൃഷ്ട ജീവിയെ കൊല്ലാനാഗ്രഹമില്ല; ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കെ സുധാകരനെതിരെ വിലകുറഞ്ഞ പ്രസ്താവനയാണ് സിവി വർഗീസ് നടത്തിയത്. പ്രസ്താവന നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും വർഗീസിനെതിരെ കേസെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സിപിഐഎം കൊടുക്കുന്ന ഭിക്ഷയാണ് കെ സുധാകരന്റെ ജീവിതമെന്ന് ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസ് പറഞ്ഞിരുന്നു. നികൃഷ്ട ജീവിയെ കൊല്ലാൻ താത്‌പര്യമില്ലെന്നും സിപിഐഎമ്മിന്റെ കരുത്തിനെ കുറിച്ച് സുധാകരന് ധാരണയുണ്ടാകണമെന്നും സിപിഐഎം നേതാവ് കൂട്ടിച്ചേർത്തു.

കെ സുധാകരൻ കെപിസിസി അധ്യക്ഷനാണെന്ന കാര്യം മറക്കരുത്. പ്രകോപനപരവും തരം താഴ്ന്നതുമായ പ്രസ്താവന നടത്തുന്നവരെ സെക്രട്ടറി ആക്കുന്ന നിലയിലേക്ക് സിപിഐഎം അധ:പതിച്ചു. കൊലപതക രാഷ്ടീയത്തിൻ്റെ വക്താക്കളാണ് സിപിഐഎം എന്ന് തെളിയിക്കുന്നതാണ് ജില്ലാ സെക്രട്ടറിയുടെ പ്രസംഗമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. കോൺഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ സിപിഐഎം ചെറുതോണിയിൽ നടത്തിയ പ്രതിഷേധ സംഗമത്തിൽ ആയിരുന്നു വിവാദ പരാമർശം.