നാം ഒന്ന് നമുക്ക് ഒന്ന് എന്ന് പിഷാരടി, നാം ഒന്ന് നമുക്ക് മൂന്ന് എന്നായാലോ എന്ന് ആരാധകര്‍

മലയാളികളുടെ പ്രിയപ്പെട്ട നടനും അവതാരകനും സംവിധായകനുമാണ് രമേഷ് പിഷാരടി. തമാശയും കൗണ്ടറുമൊക്കെയായി പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാന്‍ പിഷാരടിക്കായി. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടന്‍. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും അതിന് താരം നല്‍കുന്ന ക്യാപ്ഷനുകളും വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കുടുംബത്തോട് ഒപ്പമുള്ള ഒരു ചിത്രം സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചിരിക്കുകയാണ് പിഷാരടി.

‘നാം ഒന്ന് ചിങ്ങം ഒന്ന്’ എന്ന അടിക്കുറിപ്പോടെയാണ് പിഷാരടി ചിത്രം പങ്കുവച്ചിരിക്കുന്നത്. പിഷാരടിയുടെ മൂന്ന് മക്കളും ഭാര്യയും ചിത്രത്തിലുണ്ട്. നിരവധി പേര്‍ കമന്റുകളുമായി എത്തുന്നുണ്ട്. ‘ചിങ്ങം ഒന്ന് . നാം രണ്ട്. നമുക്ക് മൂന്ന്’ എന്നാണ് ഒരു ആരാധകന്റെ കമന്റ്. ‘നാം ഒന്ന് നമുക്ക് മൂന്ന്’ എന്ന് മതിയായിരുന്നു എന്നും ‘ആദ്യം ഫോട്ടൊ അല്ല ക്യാപ്ഷന്‍ ആണ് നോക്കുക’ എന്നും കമന്റുകളുണ്ട്..

‘കൊച്ചിന്‍ സ്റ്റാലിയന്‍സി’ല്‍ പ്രവര്‍ത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസില്‍ ധര്‍മജന്‍ ബോള്‍ഗാട്ടിക്കൊപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്‌സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷന്‍ പരിപാടികളിലും താരം സജീവമായി. 2008ല്‍ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു. 2018 ല്‍ ‘പഞ്ചവര്‍ണ്ണതത്ത’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തെത്തി. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ‘ഗാനഗന്ധര്‍വ്വന്‍’ ആണ് രമേഷ് പിഷാരടിയുടെ ഒടുവില്‍ റിലീസിനെത്തിയ ചിത്രം.