റീ ബില്‍ഡ് കേരളയില്‍ 7,405 കോടിയില്‍ ചിലവഴിച്ചത് 460 കോടി മാത്രം; പ്രളയബാധിതരെ കൈയ്യൊഴിഞ്ഞ് സര്‍ക്കാര്‍

തിരുവനന്തപുരം; കോവിഡ് മഹാമാരിയെ തുരത്താന്‍ പല അടവും പയറ്റുന്ന സര്‍ക്കാര്‍ മൂന്ന് വര്‍ഷം മുന്നേ പ്രളയത്തില്‍ എല്ലാം നഷ്ടമായവരെ പാടെ മറക്കുകയാണ്. മഹാപ്രളയം കഴിഞ്ഞ് മൂന്നു വര്‍ഷമായിട്ടും എങ്ങുമെത്താതെ റീ ബില്‍ഡ് കേരള എന്ന പദ്ധതി. 7,405 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടും ഇതുവരെ ചെലവഴിച്ചത് 460 കോടി രൂപ മാത്രം. ജീവനോപാധികളുടെ പുനരുജ്ജീവനത്തിന് 188 കോടിയും കൃഷിക്ക് 100 കോടിയും നല്‍കിയതാണ് റീബില്‍ഡ് കേരളയ്ക്ക് കീഴില്‍ ചെലവഴിച്ച ഏറ്റവും ഉയര്‍ന്ന തുക.

പ്രളയ സെസില്‍നിന്ന് ലഭിച്ച 1,705 കോടി രൂപ റീബില്‍ഡ് കേരളയ്ക്ക് കൈമാറാനുണ്ട്. വിവരാവകാശ നിയപ്രകാരം ലഭിച്ച രേഖകളിലാണ് ഇക്കാര്യങ്ങള്‍ പുറത്തുവന്നത്. റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണത്തിനായി 56 കോടി രൂപ മാത്രമേ ചെലവഴിച്ചിട്ടുള്ളൂ. ജല വിതരണത്തിന് 182 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി ലഭിച്ചിട്ടും 23 കോടി രൂപ മാത്രമേ ഇതുവരെ ഉപയോഗിച്ചുള്ളൂ. മൃഗസംരക്ഷണത്തിന് 163 കോടിയുടെ പദ്ധതികള്‍ ഉണ്ടെങ്കിലും ചെലവാക്കിയ തുക 68 കോടി മാത്രം.

അതേസമയം, പ്രതിമാസം 1.6 ലക്ഷം രൂപ വാടക നല്‍കിയാണ് റീബില്‍ഡ് കേരളയുടെ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. ഇതുവരെ 48 ലക്ഷം രൂപ വാടക ഇനത്തില്‍ മാത്രം ചെലവാക്കിയിട്ടുണ്ട്. 4.34 കോടി രൂപ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങുന്നതിനും ബോധവല്‍കരണ പരിപാടികള്‍ക്കും കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നതിനുമായി റീബില്‍ഡ് കേരള ചെലവഴിച്ചതായും രേഖകള്‍ വ്യക്തമാകുന്നു.

ലോക ബാങ്ക് വായ്പയായി 1,779 കോടിയും ബജറ്റ് വിഹിതമായി 2,942 കോടിയുമാണ് പ്രളായനന്തര പുനര്‍ നിര്‍മാണത്തിനായി ലഭിച്ച തുക. പ്രളയ സെസ് എന്ന ഇനത്തില്‍ 1,705 കോടി രൂപ പിരിച്ചു. അന്തിമ കണക്കു വരുമ്പോള്‍ ഇത് 2000 കോടിയിലേക്കെത്താം. ഈ തുകയും റീബില്‍ഡിന് കൈമാറും. ഇത്രയും പണമുണ്ടെങ്കിലും അത് ചെലവഴിക്കുന്നതിലും പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിലും കാലതാമസം നേരിടുന്നതിന്റെ കാരണം വ്യക്തമല്ല.