മന്ത്രി വീണ പറഞ്ഞത് പച്ച കള്ളം, പേ വിഷബാധ വാക്സിൻ എത്തിച്ചത് ഗുണനിലവാരം നോക്കാതെ.

തിരുവനന്തപുരം. സംസ്ഥാനത്തേക്ക് പേ വിഷബാധ വാക്സിൻ എത്തിച്ചത് ഗുണനിലവാരം നോക്കാതെ. ഗുണനിലവാര പരിശോധന നടത്താതെയാണ് സംസ്ഥാനത്തേക്ക് പേ വിഷബാധ വാക്സിൻ എത്തിച്ചതെന്ന് മെഡിക്കൽ സർവീസസ് കോർപറേഷൻ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. അടിയന്തര സാഹചര്യം പരി​ഗണിച്ചായിരുന്നു ഇതെന്നാണ് ന്യായവാദം. ​

വാക്സിന്‍ വിതരണത്തില്‍ ആരോഗ്യ മന്ത്രി വീണ ജോർജിന്റെ വാദം തള്ളുന്നതാണ് കോർപറേഷന്റെ വിശദീകരണം എന്ന് മാത്രമല്ല, ഇക്കാര്യത്തിൽ മന്ത്രി വീണ ജോർജ് നിയമ സഭയിൽ പറഞ്ഞതും, മാധ്യമങ്ങളോട് പറഞ്ഞതും ഒക്കെ പച്ച നുണയായിരുന്നു എന്നും വ്യക്തമാവുകയാണ്. മനുഷ്യാവകാശ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിലാണ് മെഡിക്കൽ സർവീസസ് കോർപറേഷൻ എംഡി എസ് ചിത്ര ഗുണനിലവാരം നോക്കാതെയാണ് വാക്‌സിൻ കൊണ്ടുവന്നതെന്ന് പറഞ്ഞിരിക്കുന്നത്.

വിതരണം ചെയ്യുന്ന വിന്‍സ് ബയോ പ്രൊഡക്ട്സിന്റെ ഇക്വിന്‍ ആന്റിറാബീസ് വാക്സിന്‍ ഇതുവരെ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടിട്ടില്ല. പേ വിഷ ബാധ വാക്സിന്റെ ആവശ്യകത കൂടി വരുന്നതും കോവിഡ് കാലത്ത് പരിശോധനാ ഫലം വൈകാനുള്ള സാഹചര്യവും കണക്കിലെടുത്താണ് ഗുണനിലവാര പരിശോധന നടത്താതെ എത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നു.

മുന്‍ വര്‍ഷങ്ങളിലും പരിശോധനയില്‍ ഇത്തരത്തിലുള്ള ഇളവുകള്‍ നല്‍കിയിരുന്ന കാര്യവും എംഡി പറഞ്ഞിരിക്കുന്നു. ഗുണനിലവാര പരിശോധന നടത്തിയാണ് വാക്സിന്‍ എത്തിച്ചതെന്നായിരുന്നു നിയമസഭയില്‍ ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞത്. എന്നാല്‍ ഇതിനെ മുഖ്യമന്ത്രി തിരുത്തുകയും വിദഗ്ധ സമിതിയുടെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നതാണ്.