വനിതാ ഓട്ടോഡ്രൈവറെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് ബന്ധു, കാരണം കുടുംബവഴക്ക്, രണ്ടുപേർ കസ്റ്റഡിയിൽ

കൊച്ചി: വൈപ്പിനിൽ വനിതാ ഓട്ടോഡ്രൈവറെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് ബന്ധു. ബന്ധുവായ സജീഷാണ് ഓട്ടോ ഡ്രൈവറായ ജയയെ മര്‍ദിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തതെന്നും കുടുംബവഴക്കാണ് ക്വട്ടേഷന്‍ ആക്രമണത്തിന് കാരണമായതെന്നുമാണ് വിവരം. ആക്രമണത്തിന് ശേഷം സജീഷ് ഒളിവില്‍പോയിരിക്കുകയാണ്.

സംഭവത്തില്‍ സജീഷിന്റെ ഭാര്യ ഉള്‍പ്പെടെ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സജീഷിന്റെ ഭാര്യയ്ക്കും ക്വട്ടേഷന്‍ നല്‍കിയത് സംബന്ധിച്ച് അറിവുണ്ടായിരുന്നതായാണ് വിവരം.

കഴിഞ്ഞ ദിവസം രാത്രിയാണ് ഓട്ടംവിളിച്ച മൂന്ന് യുവാക്കള്‍ ഓട്ടോഡ്രൈവറായ ജയയെ ക്രൂരമായി മര്‍ദിച്ചത്. ആക്രമണത്തില്‍ വാരിയെല്ലിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ജയ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

കടപ്പുറം ബദരിയ പള്ളിയുടെ വടക്കുവശത്തുവെച്ച് യുവാവ് ആശുപത്രിയിലേക്ക് ഓട്ടംവിളിക്കുകയായിരുന്നു. കുറച്ച് ദൂരം പിന്നിട്ട് ചെറായിയില്‍ എത്തിയപ്പോള്‍ രണ്ട് സുഹൃത്തുക്കളേക്കൂടി ഇയാള്‍ ഓട്ടോയില്‍ കയറ്റി. തുടര്‍ന്ന് നാലിടങ്ങളിലേക്ക് ഇവര്‍ ഓട്ടംപോയി.

ഏതാണ്ട് പത്തുമണി പിന്നിട്ടതോടെ രാത്രി ഇനിയും ഓട്ടംതുടരാന്‍ കഴിയില്ലെന്നും മറ്റൊരു വാഹനം ഏര്‍പ്പാടാക്കിത്തരാമെന്നും ജയ പറഞ്ഞതോടെ യുവാക്കള്‍ പ്രകോപിതരായി. തുടര്‍ന്ന് മൂവരും ചേര്‍ന്ന് യുവതിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.