ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, കമ്മ്യൂണിറ്റി കിച്ചണുകൾക്ക് ആശ്വാസം, വാണിജ്യ സിലിണ്ടറുകളുടെ വിലകുറച്ച് എണ്ണ കമ്പനികൾ

വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വിലകുറച്ച് എണ്ണ കമ്പനികൾ. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ പോലുള്ള സംരംഭങ്ങൾക്കും കമ്മ്യൂണിറ്റി കിച്ചണുകൾ പോലുള്ള സേവന പദ്ധതികൾക്കും ആശ്വാസം. കഴിഞ്ഞ ജൂലൈയിൽ വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചിരുന്നുവെങ്കിലും പുതിയ ഉത്തരവ് പ്രകാരം 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകൾക്ക് 99.75 രൂപയാണ് കുറച്ചത്. ഇതോടെ വിപണി വില 1780 രൂപയാകും. അതേസമയം ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. ഗാർഹിക പാചക വാതകത്തിന്റെ വില ഈ വർഷം മാർച്ച് ഒന്നിനാണ് അവസാനമായി പരിഷ്കരിച്ചത്.

ഒഎംസികൾ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 172 രൂപ കുറച്ചപ്പോൾ ജൂണിൽ 83 രൂപ കുറച്ചു. ജൂൺ ഒന്നിന് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 19 കിലോ യൂണിറ്റിന് 83.50 രൂപ കുറച്ച് 1,773 രൂപയാക്കി. വാണിജ്യ, ഗാർഹിക എൽപിജി വിലകൾ എല്ലാ മാസവും ആദ്യ തീയതിയിൽ പുതുക്കാറുണ്ട്. പുതിയ നിരക്ക് ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരും. 27 ദിവസത്തിന് ശേഷമാണ് എണ്ണക്കമ്പനികൾ വാണിജ്യ വാതക സിലിണ്ടറുകളുടെ വില കുറച്ചിരിക്കുന്നത്. നേരത്തെ അതായത് ജൂലൈ നാലിന് സിലിണ്ടറിന് ഏഴ് രൂപ വീതം കമ്പനികൾ വർധിപ്പിച്ചിരുന്നു.

തിരുവനന്തപുരത്ത് ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ വില 14.2 കിലോയ്ക്ക് 1,112 രൂപ നൽകണം. എറണാകുളത്ത് 1110 രൂപയാണ് വില. കോഴിക്കോട് 1111 .50 രൂപ നൽകണം. നേരത്തെ ജൂലൈയിൽ വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വില 7 രൂപ വീതം വർധിപ്പിച്ചിരുന്നു. എന്നാൽ, മെയ്, ജൂൺ മാസങ്ങളിൽ വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് തുടർച്ചയായി വില കുറച്ചിരുന്നു.