ദുരിതാശ്വാസനിധി വകമാറ്റൽ കേസ്, ഉപലോകായുക്തമാരെ വിധി പറയുന്നതിൽ നിന്നും ഒഴിവാക്കണമെന്ന് ഹർജി

തിരുവനന്തപുരം. ദുരിതാശ്വാസനിധി വകമാറ്റല്‍ കേസില്‍ പരാതിക്കാരനായ ആര്‍എസ് ശശികുമാര്‍ ലോകായുക്തയില്‍ ഹര്‍ജി നല്‍കി. കേസിലെ വിധി പറയുന്നതില്‍ നിന്നും ഉപലോകായുക്തമാരെ ഒഴിവാക്കണമെന്നാണ് ആവശ്യം. കേസിൽ മൂന്ന് അംഗ ബെഞ്ച് വിധി പറയാൻ ഇരിക്കെയാണ് ഇടക്കാല ഹർജി പരാതിക്കാരൻ നൽകിയിരിക്കുന്നത്.

ദുരിതാശ്വാസ നിധി വകമാറ്റല്‍ കേസിന്റെ സാധുത സംബന്ധിച്ച ലോകായുക്തയുടെ വിധി ഇപ്പോള്‍ ബാധകമല്ലെന്നും കേസിന്റെ നിലനില്‍പ് സംബന്ധിച്ച് ലോകായുക്തയുടെ പുതിയ മൂന്നംഗ ബെഞ്ച് വീണ്ടും വാദം കേള്‍ക്കുമെന്ന നിലപാട് പുന പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ശശികുമാര്‍ നല്‍കിയ ഇടക്കാല ഹര്‍ജി തള്ളിയിരുന്നു.

പരാതിക്കാരന്റെ അഭിഭാഷകനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച ശേഷമാണ് ഹര്‍ജി തള്ളിയത്. ഇത്രയും മോശം വാദം ഇതിന് മുമ്പ് ഒരു കേസിലും കേട്ടിട്ടില്ലെന്നും കേസില്‍ ഇടക്കാല ഹര്‍ജി നല്‍കിയത് ലോകായുക്തയുടെ സമയം കളയാനാണോ എന്നും ചോദ്യം ലോകായുക്ത ചോദിച്ചിരുന്നു.