രഞ്ജിപണിക്കരുടെ മകന്‍ നിഖിലിന്റെ വിവാഹം കഴിഞ്ഞു, വധു മേഘ

തിരക്കഥാകൃത്തും സംവിധായകനും നടനും നിര്‍മ്മാതാവുമായ രഞ്ജി പണിക്കരുടെയും അനിറ്റയുടെയും മകന്‍ നിഖില്‍ വിവാഹിതനായി. ചെങ്ങന്നൂര്‍ സ്വദേശിനിയായ മേഘ ശ്രീകുമാര്‍ ആണ് വധു. ശ്രീകുമാര്‍ പിള്ളയുടെയും മായാ ശ്രീകുമാറിന്റെയും മകളാണ് മേഘ. നടനും സിനിമ പ്രവര്‍ത്തകനുമാണ് നിഖില്‍. കലാമണ്ഡലം ഹൈദരാലി എന്ന ചിത്രത്തിലൂടെ ആയിരുന്നു നിഖില്‍ അഭിനയ രംഗത്ത് എത്തിയത്. കോവിഡ് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ ലളിതമായാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.

കിരണ്‍ ജി. നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹൈദരാലിയായി നടനും സംവിധായകനുമായ രഞ്ജി പണിക്കരാണ് വേഷമിടുന്നത്. ഹൈദരാലിയുടെ യുവത്വം മകനായി എത്തുന്നത് നിഖില്‍ രഞ്ജി പണിക്കര്‍ അവതരിപ്പിക്കുന്നു. 19 വയസ്സു മുതല്‍ 30 വരെയുള്ള കാലഘട്ടമാണ് നിഖില്‍ അവതരിപ്പിക്കുക.

നിഖിലിന്റെ ഇരട്ട സഹോദരനായ നിഥിന്‍ രഞ്ജി പണിക്കര്‍ സിനിമ സംവിധാനം ചെയ്ത് സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. മമ്മൂട്ടിയെ നായകനാക്കി കസബ എന്ന ചിത്രത്തിലൂടെ ആയിരുന്നു നിഥിന്‍ സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ചത്.