സങ്കടങ്ങള്‍ക്കും അമര്‍ഷങ്ങള്‍ക്കുമൊടുവില്‍ അവന്‍ തളര്‍ന്നുവീണു; രഞ്ചിത്ത് ഭക്ഷണം കഴിച്ചിട്ട് രണ്ട് ദിവസമായെന്ന് ഡോക്ടര്‍മാര്‍

സങ്കടങ്ങള്‍ക്കും അമര്‍ഷങ്ങള്‍ക്കും പരാതികള്‍ക്കുമൊടുവില്‍ അവന്‍ തളര്‍ന്നുവീണു. നെയ്യാറ്റിന്‍ കരയില്‍ പൊള്ളലേറ്റ് മരിച്ച ദമ്പതികളുടെ ഇളയ മകന്‍ രഞ്ജിത്താണ് ഇന്നലെ രാത്രി തളര്‍ന്നു വീണത്. രാത്രി ഒന്‍പതരയോടെ ബോധക്ഷയമനുഭവപ്പെട്ട കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രണ്ട് ദിനസമായി രഞ്ചിത്ത് ഭക്ഷണം കഴിച്ചിട്ട് എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതിന്റെ തളര്‍ച്ചയെത്തുടര്‍ന്നാണ് ബോധക്ഷയമുണ്ടായത്.

രാത്രിയില്‍ നെഞ്ചുവേദനയെടുക്കുന്നുവെന്ന് പറഞ്ഞ രഞ്ചിത്ത് പിന്നീട് തളര്‍ന്നു വീഴുകയായിരുന്നു. മാതാപിതാക്കള്‍ക്ക് പൊളളലേറ്റ് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നിമിഷം മുതല്‍ വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു ഇളയ മകന്‍ രഞ്ചിത്ത്. മാതാപിതാക്കളുടെ മരണമേല്‍പ്പിച്ച ആഘാതം വല്ലാത്തൊരു അവസ്ഥയില്‍ കുട്ടികളെ എത്തിച്ചതിനാണ് കേരളം സാക്ഷ്യം വഹിച്ചത്.

താമസിക്കുന്ന മണ്ണില്‍ തന്നെ മാതാപിതാക്കളെ അടക്കാന്‍ പോലീസുകാര്‍ക്ക് നേരെ കൈ ചൂണ്ടി നിങ്ങളാണ് അവരെ കൊന്നത്, എന്നിട്ടിപ്പോ അടക്കാനും സമ്മതിക്കൂലെന്നോ എന്ന് ചോദിച്ചുകൊണ്ട് അച്ഛന് കുഴി വെട്ടിയ രഞ്ചിത്തിന്റെ ചിത്രം കണ്ടു നിന്നവരുടെ കണ്ണു നിറയിച്ചിരുന്നു. നെയ്യാറ്റിനകര ജനറല്‍ ആശുപത്രിയിലാണ് രഞ്ചിത്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.