ബന്ധം അച്ഛന്‍ വിലക്കി, അച്ഛന്റെ ഫോണിലേക്ക് പിന്നീട് എത്തിയത് മകളുടെ നഗ്നദൃശ്യം, കൊല്ലത്ത് നടന്ന് സിനിമയെ വെല്ലും സംഭവങ്ങള്‍

കൊല്ലം: കാമുകനുമായുള്ള ബന്ധം യുവതിയുടെ പിതാവ് വിലക്കിയതോടെ കാമുകന്റെ കടുംകൈ. അച്ഛന്റെ ഫോണിലേക്ക് മകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ കാമുകന്‍ അയച്ച് കൊടുക്കുകയായിരുന്നു. ഇത് കണ്ട് ഞെട്ടിയ അച്ഛന്‍ ഒടുവില്‍ പോലീസില്‍ പരാതി നല്‍കി. ഈ പരാതിയില്‍ തമിഴ്നാട് ഗൂഢല്ലൂര്‍ ദേവര്‍ഷോല ഡിവിഷന്‍ 3, എം/8/4 വീട്ടില്‍ അന്‍ഷാദിനെ (25) കൊല്ലം സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

സൗദി അറേബ്യയില്‍ ജോലി ചെയ്യവെയാണ് അന്‍ഷാദ് ഫേസ്ബുക്കിലൂടെ പെണ്‍കുട്ടിയുമായി അടുക്കുന്നത്. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി വിശ്വാസം പിടിച്ചുപറ്റി. പിന്നീട് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ ഐഡിയും പാസ്‌വേഡും ഇയാള്‍ സ്വന്തമാക്കി. ഇതിനിടെ വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ പിതാവ് സോഷ്യല്‍മീഡിയകളിലൂടെ യുവാവുമായുള്ള ബന്ധം വിലക്കി. ഇതിന് പിന്നാലെ അച്ഛന് മകളുടെ സ്വകാര്യ ചിത്രങ്ങള്‍ അന്‍ഷാദ് അയച്ച് കൊടുക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ വ്യാജ ഐ.ഡികള്‍ ഉപയോഗിച്ച് പ്രതി നിയന്ത്രണത്തിലാക്കിയിരുന്നു.

സോഷ്യല്‍ മീഡിയകളിലൂടെ അപമാനിക്കല്‍ തുടര്‍ന്നതോടെ പെണ്‍കുട്ടിയുടെ പിതാവ് ഓച്ചിറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ജില്ലാ പോലീസ് മേധാവി കേസ് അന്വേഷിക്കാന്‍ ജില്ല ക്രൈം ബ്രാഞ്ച് എ.സി.പി സോണി ഉമ്മന്‍ കോശിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. അന്‍ഷു അന്‍ഷാദ് എന്ന അക്കൗണ്ടിലൂടെയാണ് അന്‍ഷാദ് സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്തിരുന്നത്. ഈ അക്കൗണ്ടുകളിലൂടെ പ്രതിയെ തിരിച്ചറിയുകയും ഇയാള്‍ ഉപയോഗിച്ചിരുന്ന അക്കൗണ്ടുകള്‍ ക്രൈം ബ്രാഞ്ച് ബ്ലോക്കും ചെയ്യിച്ചു. അന്‍ഷാദിനെ പിടികൂടുന്നതിനായി ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചു.

ഇതിനെ തുടര്‍ന്ന് അന്‍ഷാദ് ജോലി ചെയ്യുന്ന ഖത്തറില്‍ നിന്നും അവിടുത്ത് അധികൃതര്‍ ഇയാളെ കൊല്ലം സിറ്റി ക്രൈംബ്രാഞ്ചിന്റെ നിര്‍ദേശാടിസ്ഥാനത്തില്‍ കയറ്റി വിട്ടു. കരിപ്പൂരില്‍ വിമാനമിറങ്ങിയ അന്‍ഷാദിനെ അവിടെ നിന്നും ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ കൊല്ലത്ത് എത്തിച്ചു. കോഴിക്കോട്ടെ നാദാപുരം സ്റ്റേഷനിലും കാസര്‍കോട്ടെ ചിറ്റാരിക്കല്‍ പോലീസ് സ്റ്റേഷനിലും അന്‍ഷാദിനെതിരെ സമാന സ്വഭാവമുള്ള കേസുകള്‍ നിലവിലുണ്ട്. ഇയാള്‍ക്കെതിരെ കൂടുതല്‍ അന്വേഷണം അനിവാര്യമാണെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. കോടതിയില്‍ ഹാജരാക്കിയ അന്‍ഷാദിനെ റിമാന്‍ഡ് ചെയ്തു.