അര്‍ഹര്‍ക്ക് സംവരണം നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നു

ഇതരസംസ്ഥാനത്തുനിന്ന് കുടിയേറിയവർക്ക് സാമ്പത്തിക സംവരണത്തിന് അനുമതി. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്കുവന്ന് സ്ഥിരതാമസമാക്കിയവരില്‍ അര്‍ഹര്‍ക്ക് സംവരണം നല്‍കുന്ന കാര്യമാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. മറ്റു സംവരണമൊന്നും ലഭിക്കാത്തവര്‍ക്കുള്ള 10 ശതമാനം സാമ്പത്തികസംവരണ വിഭാഗത്തിലായിരിക്കും ഇവരെ പരിഗണിക്കുക.

വിദ്യാഭ്യാസം, തൊഴില്‍ എന്നിവയ്ക്കാണ് ഈ സംവരണം ബാധകമാകുക. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ഇവിടെവന്ന് താമസിക്കുന്നവരില്‍ സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്നവര്‍ക്ക് ഇ.ഡബ്‌ള്യൂ.എസ്. സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്ന കാര്യമാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്.

പുതിയ ഒരു വിഭാഗത്തിനുകൂടി ആനുകൂല്യം ലഭിക്കുന്ന കാര്യമായതിനാല്‍ ഫയല്‍ മന്ത്രിസഭയ്ക്കുവിടാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. തൃക്കാക്കര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം ബാധകമായതിനാല്‍ മന്ത്രിസഭ ഇക്കാര്യത്തില്‍ തീരുമാനം മാറ്റിവെച്ചിരിക്കുകയാണ്.

സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്നവര്‍ക്ക് (ഇ.ഡബ്‌ള്യൂ.എസ്.) 103ാം ഭരണഘടനാഭേദഗതിയിലൂടെ 2019-ല്‍ കേന്ദ്രസര്‍ക്കാര്‍ 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയിരുന്നു. സംസ്ഥാനങ്ങളില്‍ ഇത് ബാധകമാക്കുന്നത് അതത് സംസ്ഥാനസര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാനും അധികാരം നല്‍കി.

ഇതനുസരിച്ച് ജസ്റ്റിസ് കെ. ശശിധരന്‍ നായര്‍ കമ്മിഷനെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചു. വാര്‍ഷിക കുടുംബവരുമാനം നാലുലക്ഷത്തില്‍ താഴെയുള്ളവര്‍ക്ക് സാമ്പത്തികസംവരണം നല്‍കാമെന്ന കമ്മിഷന്റെ ശുപാര്‍ശ 2020 ഒക്ടോബറില്‍ സര്‍ക്കാര്‍ നടപ്പാക്കി.
നിലവില്‍, ഇങ്ങോട്ടു കുടിയേറിയ ഇതരസംസ്ഥാനക്കാര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭ്യമല്ല. എന്നാല്‍, 2019-ല്‍ ഇവര്‍ക്ക് ജാതിസര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സംസ്ഥാനം തീരുമാനിച്ചിരുന്നു. ജാതിസര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ബാധകമാക്കിയ വ്യവസ്ഥകളാണ് സാമ്പത്തികസംവരണം നല്‍കാനുള്ള സര്‍ട്ടിഫിക്കറ്റിനും ബാധകമാക്കുന്നത്.