അമ്മയില്‍ നമ്മളാരും അഭിപ്രായം പറയാന്‍ പാടില്ല എന്ന അവസ്ഥയാണ്, രേവതി പറയുന്നു

വിജയ് ബാബുവിന് എതിരെ നടിയുടെ പരാതിയില്‍ കേസ് എടുത്തിട്ടും താരസംഘടനയായ അമ്മയുടെ നിലപാടിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഇന്റേര്‍ണല്‍ കമ്മിറ്റിയില്‍ നിന്നും മാലാ പാര്‍വതിയും ശ്വേത മേനോനും കുക്കു പരമേശ്വരനും രാജി വെച്ചു. ഇപ്പോള്‍ അമ്മയില്‍ നമ്മളാരും അഭിപ്രായം പറയാന്‍ പാടില്ല എന്ന അവസ്ഥയാണെന്ന് പറയുകയാണ് നടി രേവതി.

താരസംഘടനയില്‍ ഞാനിപ്പോഴും അംഗമാണ്. ഇപ്പോള്‍ എന്തെങ്കിലും പറഞ്ഞാല്‍ അച്ചടക്ക നടപടി സ്വീകരിച്ച് മാറ്റുമായിരിക്കുമെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രേവതി പറഞ്ഞു.

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് വിടണമെന്നാണ് ഡബ്ല്യുസിസിയുടെയും ആവശ്യം. അതില്‍ മാറ്റമൊന്നുമില്ല.ഒരു സ്റ്റഡി മറ്റീരിയല്‍ എന്ന രീതിയില്‍ വേണം പുറത്തുവിടാന്‍. അപ്പോഴേ എന്താണ് പ്രശ്‌നങ്ങളെന്ന് മനസിലാവുകയും പരിഹാരം കണ്ടെത്താനുമാവൂ. സിനിമ പോലൊരു മേഖലയില്‍ ഇതുപോലൊരു പഠനം സര്‍ക്കാര്‍ കൊണ്ടുവരുന്നത് ഒരു നാഴികകല്ലാണ്. ഇങ്ങനെയൊരു പഠനം വേറെവിടെയെങ്കിലും നടന്നിട്ടുണ്ടോ എന്ന് അറിയില്ല. അതുകൊണ്ട് തന്നെ വളരെ വിലപ്പെട്ട പഠനരേഖയാണത്. അത് പുറത്തുവിടുന്നതില്‍ എന്താണ് ഇത്രയും പ്രശ്നമെന്ന് മനസിലാകുന്നില്ല. രേവതി പറഞ്ഞു