വിഴിഞ്ഞത്ത് കലാപം, പൊലീസ് ലാത്തിച്ചാർജ്, പ്രതിഷേധക്കാർക്ക് നേരെ കണ്ണീർവാതകവും പ്രയോഗിച്ചു.

തിരുവനന്തപുരം. തുറമുഖത്തിനെതിരെയുള്ള സമരക്കാർ വിഴിഞ്ഞത്തെ കലാപഭൂമിയാക്കി മാറ്റി. പൊലീസ് സ്റ്റേഷൻ ആക്രമണം നടത്തിയ വിഴിഞ്ഞത്ത് പൊലീസ് ലാത്തിച്ചാർജ് നടത്തി. പ്രതിഷേധക്കാർക്കുനേരെ കണ്ണീർവാതകവും പ്രയോഗിച്ചു. ഞായറാഴ്ച വൈകിട്ടോടെ വിഴിഞ്ഞം പൊലീസ് സ്റ്റേഷന് നേരെ സമരക്കാർ നടത്തിയ ആക്രമണത്തിൽ 9 പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. വന്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന വിഴിഞ്ഞത്ത് സഭ പ്രതിനിധികളുമായി പൊലീസ് ചർച്ച നടത്തുന്നുണ്ട്. ജില്ലാ കളക്ടർ സ്ഥലത്തെത്തിയിട്ടുണ്ട്. സംഘര്‍ഷത്തില്‍ പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിലേക്ക് മാറ്റി.

കസ്റ്റഡിയിലെടുത്ത അഞ്ച് പേരെ വിടണമെന്നാണ് സമര സമിതിയുടെ ആവശ്യം. ശനിയാഴ്ച നടന്ന സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ ഒരാളെ അറസ്റ്റ് ചെയ്തതാണ് പ്രകോപനത്തിനു കാരണമായത്. വിഴിഞ്ഞം സമരക്കാർക്ക്നേരെ ആദ്യമായാണ് ഞായറാഴ്ച പൊലീസ് ബലപ്രയോഗവും ലാത്തിച്ചാർജും നടത്തുന്നത്.

അക്രമത്തിൽ പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിലേക്ക് മാറ്റാൻപോലും പ്രതിഷേധക്കാർ അനുവദികാത്തിരുന്ന സാഹചര്യത്തിലാണ് പോലീസ് ബലപ്രയോഗം ആരംഭിക്കുന്നത്. പരിക്ക് പറ്റിയ ചില പോലീസുദ്യോഗസ്ഥർ മണിക്കൂറുകളോളം സ്റ്റേഷന് ഉള്ളിൽ തന്നെയായിരുന്നു. ഇവരെ പുറത്ത് ഇറങ്ങാൻ സമരക്കാർ അനുദിച്ചില്ല. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാൻ എത്തിയ ആംബുലൻസ് പ്രതിഷേധക്കാർ തടഞ്ഞിടുകയായിരുന്നു.

ഇതിനിടെ സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ എസിവി പ്രാദേശിക റിപോർട്ടർ ഷെരീഫ് എം ജോർജിനെയും സമരക്കാർ പൊതിരെ തല്ലി. ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നതിന് ഇടയിലാണ് ആക്രമണം. ജോർജിൻ്റെ മൊബൈലും പിടിച്ചു വാങ്ങി നശിപ്പിച്ചു. ഒരു മാസം മുൻപും ജോർജിനെ സമരക്കാർ മർദിക്കുകയും മൊബൈൽ നശിപ്പിക്കുകയും ചെയ്തിരുന്നു. ഷെരീഫ് എം ജോർജിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഘർഷാവസ്ഥയെ തുടർന്ന് കൂടുതൽ പൊലീസിനെ പ്രദേശത്ത് വിന്യസിച്ചിരുന്നു. മൊബൈലിൽ സംഘർഷമാവസ്ഥ ചിത്രീകരിക്കാൻ ശ്രമിച്ചവർക്കെതിരെയും കൈയ്യേറ്റം ഉണ്ടായി. കൂടുതൽ സ്ഥലങ്ങളിൽനിന്ന് വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പരിസരത്തേക്ക് ആളുകൾ രാത്രിയിലും എത്തുകയാണ്. അടിയേറ്റ് ഒരു പൊലീസ് ഉദ്യോഗസ്ഥന് തലയ്ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. പരിക്ക് പറ്റിയ പൊലീസുകാർ സ്റ്റേഷൻ ഉള്ളിൽ തന്നെയാണ് ഉള്ളത്. സിറ്റി, റൂറൽ മേഖലകളിൽ നിന്ന് കൂടുതൽ പൊലീസ് സേനയെ വിഴിഞ്ഞത്തെ സംഘർഷ മേഖലയിലേക്ക് വിളിച്ചിട്ടുണ്ട്.