പിതാവിന്റെ പക്കല്‍ പണമുണ്ടെന്ന് അറിഞ്ഞ് മേഘയും സംഘവും എത്തി, സ്വന്തം പിതാവിനെ തോക്ക് ചൂണ്ടി കവര്‍ച്ച ചെയ്തത് മകളുടെ നേതൃത്വത്തില്‍

മേഘ, ഗോപിക

വള്ളികുന്നം:കേരള സംസ്ഥാനത്ത് ഇപ്പോള്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ച് വരികയാണ്.പലതരത്തിലുള്ള തട്ടിപ്പും വെട്ടിപ്പും നടക്കുന്നുണ്ട്.ഇതിനൊക്കെ സ്ത്രീകളും ഉണ്ടെന്നുള്ളതാണ് മറ്റൊരുകാര്യം.പണത്തിനും മറ്റ് സ്വത്തുക്കള്‍ക്കും അപ്പുറം ബന്ധങ്ങള്‍ പോലും വെറുതെയാണെന്ന് തെളിയിക്കുന്ന സംഭവങ്ങള്‍ ഉണ്ടാവാറുണ്ട്.ഇത്തരത്തില്‍ ഒരു സംഭവമാണ് വള്ളിക്കുന്നത്തും ഉണ്ടായത്.സ്വന്തം പിതാവിനെ തോക്ക് ചൂണ്ടി ആക്രമിച്ച് മകളും സംഘവും മൂന്നര ലക്ഷവും എട്ടേകാല്‍ പവന്‍ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ന്നു.തിരുവനന്തപുരം ആരാമടം ഗൗരിശങ്കരത്തില്‍ ഗോപിക(24),മേഘ(19)എന്നിവരാണു പിടിയിലായത്.കേസിലെ മറ്റ് മൂന്ന് പേര്‍ ഇപ്പോഴും ഒളിവിലാണ്.വള്ളികുന്നം എംആര്‍ മുക്ക് ഗ്രീഷ്മത്തില്‍ മധുസൂദനന്‍ നായരുടെ പക്കല്‍ നിന്നാണ് ഇവര്‍ പണം തട്ടിയത്.ഇദ്ദേഹത്തിന്റെ രണ്ടാം ഭാര്യയുടെ മകളാണ് മേഘ.

മധുസൂധനന്‍ നായരുടെ രണ്ടാം ഭാര്യയിലുള്ള മകളാണ് മേഘ.ആദ്യ ഭാര്യ മരിച്ചതിനെ തുടര്‍ന്ന് ആദ്യ ഭാര്യയുടെ ബന്ധുവിനെയാണ് പ്രവാസിയായിരുന്ന മധുസൂധനന്‍ നായര്‍ പിന്നീട് വിവാഹം കഴിക്കുന്നത്.ആദ്യ ഭാര്യയില്‍ ഇദ്ദേഹത്തിന് കുട്ടികളില്ല.കുടുംബത്തിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് രണ്ടാം ഭാര്യയുമായി മധുസൂധനന്‍ നായര്‍ അകന്ന് കഴിയുകയായിരുന്നു.ഇദ്ദേഹം വള്ളിക്കുന്നത്തും രണ്ടാം ഭാര്യയും കുട്ടികളും തിരുവനന്തപുരത്തുമാണ് കഴിഞ്ഞിരുന്നത്.അടുത്തിടെ മധുസൂധനന്‍ നായര്‍ പുരയിടങ്ങള്‍ വിറ്റിരുന്നു.ഈ പണം അദ്ദേഹത്തിന്റെ പക്കല്‍ ഉണ്ടെന്ന് മനസിലാക്കിയാണ് മകള്‍ മേഘയും സംഘവും എത്തിയത്.

സെപ്റ്റംബര്‍ 30ന് രാത്രി മേഘയും ഗോപികയും കൂടി മധുസൂധനന്‍ നായരെ കാണാനെത്തി.ഒക്ടോബര്‍ ഒന്നിന് യുവതികളും ഇവരെ കൊണ്ടുപോകാനായി വന്ന സംഘവും ചേര്‍ന്ന് മധുസൂധനന്‍ നായരെ തോക്ക് ചൂണ്ടി ആക്രമിച്ചു.പിന്നീട് കവര്‍ച്ചയും നടത്തി കാറില്‍ കടന്നു.സംഘം പോയതിന് പിന്നാലെ ഇദ്ദേഹം പോലീസില്‍ പരാതി നല്‍കി.ഇതിനിടെ ഗോപികയെയും മേഘയെയും തിരുവനന്തപുരത്ത് നിന്നും പോലീസ് പിടികൂടി.കാര്‍ ഡ്രൈവര്‍ ഉള്‍പ്പെടെ കവര്‍ച്ചയ്ക്കു സഹായിച്ച മൂന്ന് പേര്‍ ഒളിവിലാണെന്ന് കേസ് അന്വേഷിക്കുന്ന ആലപ്പുഴ വള്ളികുന്നം സിഐ:ഡി.മിഥുന്‍ പറഞ്ഞു.സ്വര്‍ണാഭരണവും പണവും മൊബൈല്‍ ഫോണും തോക്കും ഒളിവിലുള്ളവരുടെ പക്കലാണ്.ഇവര്‍ക്കായി തിരച്ചില്‍ തുടരുന്നു.ഗോപികയെയും മേഘയെയും റിമാന്‍ഡ് ചെയ്തതായും പ്രാഥമിക ചോദ്യം ചെയ്യല്‍ കഴിഞ്ഞതായും സിഐ ഒരു മാധ്യമത്തോട് പറഞ്ഞു.