മുഖ്യമന്ത്രിയുടെ ഭാര്യാ സഹോദരിയുടെ വീട്ടിൽ കള്ളൻ കയറി; സിസിടിവികൾ തകർത്തു

വടകര: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യാ സഹോദരിയുടെ വീട്ടിൽ കള്ളൻ കയറി. ഭാര്യ കമലയുടെ സഹോദരിയുടെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്. ഒഞ്ചിയം കണ്ണൂക്കര കുന്നുമ്മൽതാഴ ദാമോദരൻ-പ്രേമലത ദമ്പതികളുടെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്. ആളില്ലാത്ത സമയത്തു മോഷ്ടാക്കൾ വീട്ടിലേക്ക് കയറുകയായിരുന്നു. ചൊവ്വാഴ്ച രാത്രി ഒൻപതിനും പതിനൊന്നിനും ഇടയിലായിരുന്നു സംഭവം നടന്നത്.

വാതിൽ തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ സാധനങ്ങൾ പുറത്തേക്ക് വാരി വലിച്ചിടുകയും വീട്ടിലെ സിസിടിവി ക്യാമറകൾ തകർക്കുകയും ചെയ്തു. പിന്നീട് റെക്കോർഡർ കൊണ്ടു പോവുകയും ചെയ്തു. എന്നാൽ വീട്ടിൽ നിന്ന് വിലപിടിപ്പുള്ളതൊന്നും മോഷണം പോയിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലയുടെ സഹോദരിയാണു പ്രേമലത. സമീപത്തെ കല്ലേരി രാമദാസന്റെ വീട്ടിൽ നിന്ന് ഏഴ് പവൻ സ്വർണവും 8000രൂപയും മോഷണം പോയി. വീട്ടുകാർ ഉത്സവത്തിനു പോയ സമയത്താണ് മോഷണം. റൂറൽ പൊലീസ് മേധാവി എ.ശ്രീനിവാസ് പരിശോധന നടത്തി. ചോമ്പാല പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.