ഡി.ജെ പാര്‍ട്ടിക്കിടെ യുവാവിനു ക്രൂരമര്‍ദ്ദനം; നമ്പര്‍ 18 ഹോട്ടല്‍ ഉടമ അറസ്റ്റില്‍

ഡി.ജെ. പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ യുവാവിനെ മര്‍ദ്ദിച്ചക്കേസില്‍ അറസ്റ്റിലായ ഫോര്‍ട്ട്‌കൊച്ചി നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട് ഉള്‍പ്പെടെ 10 പേര്‍ റിമാന്‍ഡില്‍. ചേര്‍ത്തല സ്വദേശിയുടെ പരാതിയില്‍ ഫോര്‍ട്ട് കൊച്ചി പൊലീസാണ് റോയിയെയും സംഘത്തെയും അറസ്റ്റ് ചെയ്തത്.ചേര്‍ത്തലക്കാരനായ 28കാരനാണ് മര്‍ദ്ദനമേല്‍ക്കുന്നത്. സംഭവത്തെകുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ യുവാവ് ചികില്‍സയിലാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണിത്. റോയ് വയലാട്ടും ഹോട്ടല്‍ ജീവനക്കാരും ചേര്‍ന്നൊരാളെ വളഞ്ഞിട്ട് മര്‍ദ്ദിക്കുന്നതാണ് ദൃശ്യത്തില്‍. ഡി.ജെ പാര്‍ട്ടിയില്‍ പങ്കെടുക്കാനാണ് യുവാവ് കഴിഞ്ഞ രാത്രിയില്‍ നമ്പര്‍ 18 ഹോട്ടലിലെത്തിയത്. ഡി.ജെ ഗാനങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യണമെന്ന യുവാവിന്റെ ആവശ്യം ഹോട്ടല്‍ ജീവനക്കാര്‍ നിരസിച്ചു. പിന്നാലെ ക്ഷുഭിതനായ യുവാവ് താന്‍ നല്‍കിയ പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടു. ജീവനക്കാരുമായുള്ള തര്‍ക്കിനിടെ റോയിയും അടുത്തെത്തി. തര്‍ക്കം മൂത്ത് മര്‍ദ്ദനത്തില്‍ കലാശിച്ചു.

റോയ് അടക്കം പത്ത് പേര്‍ ചേര്‍ന്ന് യുവാവിനെ തലങ്ങും വിലങ്ങും മര്‍ദ്ദിച്ചു. മേശയുടെ കാല് ഊരിയെടുത്ത് യുവാവിന്റെ തലയ്ക്കടിച്ചു. അടിയെ തുടര്‍ന്ന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഹോട്ടല്‍ ജീവനക്കാരനായ അനൂപാണ് കേസിലെ ഒന്നാം പ്രതി. റോയ് വയലാട്ട് രണ്ടാം പ്രതിയാണ്. ഒപ്പം ജീവനക്കാരായ 8 പ്രതികള്‍ വേറെയും. വധശ്രമമുള്‍പ്പെടെ ചുമത്തിയാണ് കേസ്. ഫോര്‍ട്ട് കൊച്ചി പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു