തന്നേയും കുടുംബത്തേയും ബന്ദികളാക്കുന്നതിന്റെ വക്കോളം റഷ്യന്‍ സേന എത്തിയിരുന്നു; യുക്രൈന്‍ പ്രസിഡന്റ്

കീവ്: യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന്റെ ആദ്യ നാളുകളില്‍ തന്നേയും കുടുംബത്തേയും ബന്ദികളാക്കുന്നതിന്റെ വക്കോളം റഷ്യന്‍ സേന എത്തിയിരുന്നുവെന്ന് വെളിപ്പെടുത്തി യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി. അധിനിവേശം വളരെ ശക്തമായി നിലനില്‍ക്കുന്ന സമയത്താണ് ഇത്തരമൊരു ശ്രമമുണ്ടായതെന്നും സെലന്‍സ്‌കി പറയുന്നു.

17 വയസ്സുള്ള മകളേയും ഒന്‍പത് വയസ്സുള്ള മകനേയും വിളിച്ചുണര്‍ത്തി ബോംബാക്രമണം ആരംഭിച്ചിരിക്കുന്നുവെന്ന കാര്യം തനിക്കും ഭാര്യ ഒലേന സെലന്‍സ്‌കയ്ക്കും പറയേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൈനിക നീക്കം ആരംഭിച്ചതിന് പിന്നാലെ താനാണ് റഷ്യയുടെ ലക്ഷ്യമെന്ന് മനസ്സിലാക്കിയിരുന്നു. പ്രസിഡന്റിന്റെ ഔദ്യോഗിക വസതി ഒരു സുരക്ഷിത സ്ഥാനമല്ലെന്ന് തിരിച്ചറിയുകയും ചെയ്തു. റഷ്യന്‍ സൈന്യം പാരച്ചൂട്ടിന്റെ സഹായത്തോടെ കീവിലേക്ക് എത്തിയിരുന്നു. അത്തരം ദൃശ്യങ്ങള്‍ സിനിമകളില്‍ മാത്രമാണ് കണ്ടിട്ടുള്ളത്.