ശബരിമല അരവണ വില്‍പ്പന, വന്‍ ഇടിവ്

ശബരിമല : ശബരിമലയിലയിൽ ഇക്കുറി അരവണയും അപ്പവും വാങ്ങാൻ പതിവ് പോലെ തിക്കും തിരക്കും ഇല്ല. കഴിഞ്ഞ തീര്‍ത്ഥാടകാലത്ത് ഏലക്കയിലും ഈ താര്‍ത്ഥാടനത്തിന്റെ ആദ്യ ഘട്ടത്തില്‍ ജീരകത്തിലും കീടനാശിനി സാന്നിദ്ധ്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു. വിൽപ്പനയിൽ ഇടിവ് സംഭവിച്ചിരുന്നു. അപ്പം-അരവണ വില്‍പനയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 15 കോടി രൂപയുടെ കുറവാണ് നിലവില്‍ ഉണ്ടായിരിക്കുന്നത്.

ശബരിമലയിൽ റെക്കോർഡ് ഭക്തജനത്തിരക്ക് അനുഭവപ്പെട്ടിട്ടും അരവണയുടെ വില്‍പനയില്‍ ഇത്ര കുറവ് വന്നത് കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തിയത് മൂലമാണെന്നാണ് വിലയിരുത്തല്‍. അയ്യപ്പന്മാരില്‍ പലരും അരവണ വാങ്ങാതെയാണു മടക്കം. ആരും പ്രസാദം വാങ്ങാൻ മനസ് കാണിക്കുന്നില്ല. ഇതോടെ വിപണനം കുറഞ്ഞു. കേരളത്തിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർ അരവണ വാങ്ങാൻ ഒരുപോലെ മടിക്കുന്നു.

കഴിഞ്ഞ തവണത്തേക്കാള്‍ പത്തിലൊന്നു കുറവാണുള്ളതെന്നു ദേവസ്വം ബോര്‍ഡ് വൃത്തങ്ങള്‍ പറഞ്ഞു. ഏലക്ക ഉപയോഗിക്കാതെയാണു അരവണ നിര്‍മ്മിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. നടവരവില്‍ അടക്കം കാര്യമായ കുറവ് ഉണ്ടായതായാണ് സൂചനകൾ.