ശബരിമല ലേലം;തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഗുരുതര പ്രതിസന്ധിയില്‍

ശബരിമല ലേലം ഏറ്റെടുക്കാനാളില്ലാതെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഗുരുതര പ്രതിസന്ധിയിൽ. ലേലത്തിലൂടെ 40 കോടി ലഭിക്കേണ്ടിടത്ത് ഇതുവരെ ലഭിച്ചത് എട്ട് കോടി മാത്രം. ഏറ്റവും കൂടുതൽ വരുമാനം ലഭിക്കേണ്ട നാളികേരത്തിന്റെ ലേലവും നിലയ്ക്കൽ ടോൾ പിരിവും ഇത്തവണ കരാറുകാരാരും ഏറ്റെടുത്തില്ല. യുവതീ പ്രവേശന വിവാദത്തെ തുടർന്ന് ലേലമെടുത്ത കരാറുകാർ നഷ്ടത്തിലായതാണ് കാരണം.

സ്ത്രീ പ്രവേശന വിവാദത്തേയും പൊലീസ് നിയന്ത്രയങ്ങളെയും തുടർന്ന് കഴിഞ്ഞ വർഷം ലേലമെടുത്തവർക്ക് വൻ നഷ്ടമാണുണ്ടായത്. ഇത്തവണയും ഇത് ആവർത്തിക്കുമോയെന്ന ഭയമാണ് കരാറെടുക്കുന്നതിൽ നിന്ന് കരാറുകാർ പിന്മാറാൻ കാരണം. നാളികേരം, കടകൾ, പാർക്കിംഗ് ഫീസ് എന്നിവ ഉൾപ്പെടെ 310 ഇനങ്ങളിലാണ് ശബരിമല ഉത്സവ കാലത്ത് ലേലം നടക്കുന്നത്. ഇതിൽ ഈ വർഷം ഇതുവരെ 20 ഇനങ്ങൾ മാത്രമാണ് കരാർ ഏറ്റെടുത്തത്. ഓരോ വർഷവും ശരാശരി 40 കോടി രൂപയാണ് ലേലത്തിൽ നിന്നും ലഭിക്കുക. എന്നാൽ ഇത്തവണ ഉത്സവ കാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ എട്ട് കോടി രൂപ മാത്രമാണ് ലഭിച്ചത്. നാളികേര ലേലത്തിലൂടെ ആറു കോടി രൂപയും നിലയ്ക്കൽ പാർക്കിംഗ് ഫീസിനത്തിൽ രണ്ടര കോടി രൂപയും ലഭിക്കുന്നതാണ് ഏറ്റവും വലിയ കരാറുകൾ. എന്നാൽ ഇത് ആരും ഏറ്റെടുത്തില്ല. മാത്രമല്ല ശബരി മലയിലുള്ള കടകളിൽ 50 ഓളം കടകൾ മാത്രമാണ് ലേലത്തിൽ പോയിട്ടുള്ളത്. കഴിഞ്ഞ തവണ ഏറ്റവും കൂടുതൽ നഷ്ടമുണ്ടായതും കടകൾ ഏറ്റെടുത്തവർക്കായിരുന്നു.

ഒരു കോടിക്ക് മുകളിൽ ലേല തുകയുള്ള ഒരു ഇനവും ഏറ്റെടുക്കാൻ കരാറുകർ താൽപര്യപ്പെടുന്നില്ല. ശബരി മല ലേലത്തുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഏറ്റവും വലിയ വരുമാനം. ഇരുപതോളം പ്രധാന ക്ഷേത്രങ്ങൾ ഒഴികെ 1150 ഓളം ക്ഷേത്രങ്ങളിലേക്കുള്ള ചെലവും ജീവനക്കാരുടെ ശമ്പളവും പെൻഷനും നൽകേണ്ടത് ഇതിൽ നിന്നാണ്. കരാർ ഏറ്റെടുക്കാൻ ആളുകൾ വരാതായതോടെ ഈ വർഷം ബോർഡിനെ കാത്തിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ്. കരാര്‍ ഏറ്റെടുക്കാന്‍ ആളുകള്‍ വരാതായതോടെ ഈ വര്‍ഷം ബോര്‍ഡിനെ കാത്തിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ്.

അതേസമയം, ശബരി മലയിലെ കടമുറികള്‍ ലേലത്തിലെടുക്കാന്‍ വ്യാപാരികള്‍ വന്നില്ലെങ്കില്‍ സര്‍ക്കാര്‍ പകരം സംവിധാനമൊരുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. കട മുറികള്‍ ലേലത്തിലെടുക്കുന്നതില്‍ വ്യാപാരികള്‍ക്ക് ചില ഉത്കണ്ഠകളുണ്ടെന്നും വ്യാപാരികള്‍ തയ്യാറായി വരുമോ എന്ന് കുറച്ചുദിവസം കൂടി നോക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കടമുറികള്‍ ലേലത്തിലെടുക്കാന്‍ ആരും വന്നില്ലെങ്കില്‍ ഭക്തര്‍ക്ക് വേണ്ട എല്ലാ സൗകര്യവും സര്‍ക്കാര്‍ ഒരുക്കും. കണ്‍സ്യൂമര്‍ഫെഡ് വിചാരിച്ചാല്‍ എല്ലാം നടക്കും. അതിന് സര്‍ക്കാര്‍ സംവിധാന ങ്ങളുണ്ട്. ഇതെല്ലാം 24 മണിക്കൂര്‍ കൊണ്ട് ഒരുക്കാവുന്നതേയൂള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ശബരിമല മണ്ഡലകാലത്തെ മുന്നൊരുക്കങ്ങള്‍ വൈകിയെന്ന ആക്ഷേപത്തില്‍ കഴമ്പില്ലെന്നും മന്ത്രി വ്യക്തമാക്കി