കാനനപാത വഴിയുള്ള തീർത്ഥാടനം; നിയന്ത്രണങ്ങൾ കടുപ്പിച്ച് വനം വകുപ്പ്

പത്തനംതിട്ട : കാനനപാത വഴിയുള്ള തീർത്ഥാടനം അട്ടിമറിക്കാൻ നിയന്ത്രണങ്ങൾ കടുപ്പിച്ച് വനം വകുപ്പ്. എരുമേലിയിൽ നിന്ന് ശബരിമലയിലേക്കുള്ള കാനനപാതയിലാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുന്നത്. മുൻവർഷങ്ങളിൽ മുഴുവൻ സമയവും തീർത്ഥാടകർക്ക് പ്രവേശനമുണ്ടായിരുന്ന കാനനപാതയിലാണ് വിവിധ സ്ഥലങ്ങളിൽ സമയം ക്രമീകരിച്ച് തീർത്ഥാടകരെ കയറ്റിവിടുന്നത്.രാത്രി യാത്ര പൂർണമായും ഒഴിവാക്കിയതോടെ തീർത്ഥാടകർ ഇടത്താവളങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കേണ്ടി വരും.

ഇത് കാനനപാതയിലൂടെയുള്ള യാത്ര അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നാണ് ആരോപണം.
എരുമേലിയിൽ പേട്ടതുള്ളിയ ശേഷം ഇരുമ്പുന്നിക്കര കാളകെട്ടി അഴുത, മുക്കുഴി ,കരിമല വഴി പമ്പയിൽ എത്തുന്ന പരമ്പരാഗത കാനനപാതയാണ് തീർത്ഥാടകർ ശബരിമലയിലേക്ക് എത്താൻ ഉപയോഗിക്കുന്നത്. ശബരിമല ക്ഷേത്രത്തോളം പഴക്കമുള്ള ഈ പരമ്പരാഗത പാതയിൽ 2018 മുതലാണ് വനം വകുപ്പും പോലീസും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തുടങ്ങിയത്.

തീർത്ഥാടനത്തിന്റെ ആദ്യ ദിവസങ്ങളിൽ തുടങ്ങിയ തർക്കം ഇപ്പോഴും തുടരുകയാണ്. എരുമേലിയിൽ നിന്ന് കാനന പാതയിലേക്ക് പ്രവേശിക്കുന്ന വനം വകുപ്പിന്റെ ആദ്യ ചെക്ക് പോസ്റ്റ് ആയ കോയിക്ക കാവിൽ നിന്ന് നാലുമണി വരെയും അഴുതയിൽ നിന്ന് 12 മണി വരെയും മുക്കുഴിയിൽ നിന്നും രണ്ടു മണിവരെയും മാത്രമാണ് തീർത്ഥാടകരെ പ്രവേശിപ്പിക്കുക. മുൻവർഷങ്ങളിൽ മുഴുവൻ സമയവും തീർത്ഥാടകർക്ക് സഞ്ചാര സ്വാതന്ത്ര്യം ഉണ്ടായിരുന്ന കാനന പാതയിലാണ് വനംവകുപ്പ് ഇത്തരം ശക്തമായ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നത്.

കാനനപാതയിൽ മുൻവർഷങ്ങളിൽ അനുവദിച്ചിരുന്ന ചെറുകിട കച്ചവട സ്ഥാപനങ്ങൾക്ക് വിലക്കേർപ്പെടുത്തി അവ ഇടത്താവളങ്ങളിൽ മാത്രമാക്കി ചുരുക്കിയത് തീർത്ഥാടകരുടെ യാത്ര അട്ടിമറിക്കാൻ വേണ്ടിയാണെന്നാണ് ആരോപണം. കാളകെട്ടിയിലും അഴുതയിലും കല്ലിടാൻ കുന്നിലും എല്ലാം ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കി യാത്ര ചെയ്യുന്ന തീർത്ഥാടകന് വനംവകുപ്പ് ഏർപ്പെടുത്തിയിരിക്കുന്ന ഈ സമയക്രമം ദുരിതങ്ങളാണ് സമ്മാനിക്കുന്നത്.