ശബരിമല തീര്‍ത്ഥാടകരുടെ ബസ് അപകടത്തില്‍പ്പെട്ടു; 17 പേര്‍ക്ക് പരുക്ക്

കോട്ടയം : ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. വാഹനത്തിൽ ഉണ്ടായിരുന്ന 17 തീർത്ഥാടകർക്ക് പരിക്കേറ്റു. രാമപുരം മാനത്തൂരിലായിരുന്നു അപകടം മൂന്നുപേരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

കഴിഞ്ഞ ദിവസം അർദ്ധരാത്രി ഒന്നിന് ശേഷം തൊടുപുഴ-പാലാ ഹൈവേയിലായിരുന്നു അപകടം. തമിഴ്‌നാട്ടിലെ വെല്ലൂരിൽ നിന്നും ശബരിമലയിലേക്ക് വന്ന തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.

വാഹനം റോഡിലെ തിട്ടയിൽ ഇടിച്ച് മറിയുകയായിരുന്നു. ജനൽ ചില്ല് തകർന്ന് പുറത്തേക്ക് തെറിച്ചവർക്കാണ് സാരമായി പരിക്കേറ്റത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസങ്ങളിലും ശബരിമല തീര്‍ത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടിരുന്നു. പത്തുവയസുകാരന് ജീവൻ നഷ്ടമായി.