അ‍‍ഡ്ജസ്റ്റുമെന്റുകളോട് നോ പറഞ്ഞാൽ സിനിമകൾ ലഭിക്കാതെയാവും- സാധിക

മലയാളികൾക്ക് ഏറെ സുപരിചിതയാണ് സാധിക വേണുഗോപാൽ. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് താരം. നടി എന്നത് കൂടാതെ മോഡലും അവതാരകയുമൊക്കെയായി തിളങ്ങി നിൽക്കുകയാണ് നടി. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് താരം. പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് സാധിക രംഗത്ത് എത്താറുണ്ട്. മാത്രമല്ല മോശം കമന്റുകൾക്കും മറ്റും തക്കതായ മറുപടിയും നടി നൽകാറുണ്ട്.

തുടക്ക കാലത്ത് താൻ സിനിമകൾ വേണ്ടെന്ന് വെക്കാനുണ്ടായ കാരണമെന്തെന്ന് തുറന്ന് പറയുകയാണിപ്പോൾ സാധിക. സിനിമയിൽ അവസരം തേടുമ്പോൾ അഡ്ജസ്റ്റ്മെന്റ് ആവശ്യപ്പെടുന്നത് തന്നെ സംബന്ധിച്ച് ബുദ്ധിമുട്ടായിരുന്നെന്ന് സാധിക തുറന്ന് പറഞ്ഞു. പത്ത് വർഷം മുമ്പാണ് സിനിമയിലേക്ക് വരുന്നത്. അന്ന് മോശം അനുഭവങ്ങൾ തുറന്ന് പറയാൻ ഇന്നത്തെ പോലെ മീഡിയകളില്ല.

തമിഴിലും ഇതേ സാഹചര്യമായിരുന്നു. സിനിമാ ലോകം മൊത്തത്തിൽ ഇങ്ങനെയാണെന്ന് കരുതി. നല്ല കുടുംബത്തിൽ നിന്ന് വന്ന ആളാണ്. ഇത്തരം സാഹചര്യമാണെങ്കിൽ സിനിമയേ വേണ്ട എന്ന് അന്ന് തോന്നിയെന്നും സാധിക ഓർത്തു. നേരിട്ട് തന്നോട് ആരും അഡ്ജസ്റ്റ്മെന്റ് ആവശ്യപ്പെട്ടിട്ടില്ല. ഫോൺ കോളിലൂടെയാണ് ചോദ്യങ്ങൾ. ഒരിക്കൽ നോ പറഞ്ഞാൽ ഇവരെ കണക്ട് ചെയ്ത് വരുന്ന ഒരു സിനിമയും ലഭിക്കാതാവും.

എന്റെ കൈയിൽ വിദ്യാഭ്യാസമുണ്ട്. അത് കൊണ്ട് മറ്റ് ജോലികൾ ചെയ്യാമെന്ന് കരുതി. ഒരുപക്ഷെ സംവിധായകനോ പ്രൊഡ്യൂസറോ ഇതൊന്നും അറിയുന്നുണ്ടാകില്ല. കാസ്റ്റിം​ഗ് ചെയ്യുന്നവരുടെ ആവശ്യമായിരിക്കും. ഒരു സ്ഥലത്ത് യെസ് പറഞ്ഞാൽ വേറൊരു സ്ഥലത്ത് പോയി നോ പറയാൻ പറ്റില്ല. അന്ന് അവിടെ ചെയ്തല്ലോ ഇവിടെ ചെയ്തല്ലോ എന്ന ചോദ്യം വരും. അതിന്റെ ആവശ്യമില്ല.

ഇത്തരം ആവശ്യങ്ങൾക്ക് വഴങ്ങുന്നവർ ഉള്ളത് കൊണ്ടാണല്ലോ തനിക്ക് അവസരങ്ങൾ ലഭിക്കാത്തത് എന്ന ദേഷ്യം ആദ്യം തോന്നിയിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയില്ല. പലർക്കും പല സാഹചര്യങ്ങൾ ആയിരിക്കാം. തനിക്ക് സ്വന്തം അഭിമാനം വിട്ട് ഒരു കാര്യവും ചെയ്യാൻ പറ്റില്ല. പത്ത് വർഷമായി സിനിമാ രം​ഗത്ത് ഉണ്ടായിട്ടും അന്ന് നിൽക്കുന്ന അതേ പൊസിഷനിൽ തന്നെയാണ് ഇന്ന് നിൽക്കുന്നത്.

എനിക്ക് പ്രത്യേകിച്ച് ഉയർച്ചകൾ ഒന്നും ഉണ്ടായിട്ടില്ല. മോശം സമീപനങ്ങൾ കാരണം പുറത്ത് ഷോകൾ ചെയ്തിട്ടില്ലെന്നും സാധിക വ്യക്തമാക്കി. നല്ല ടീമിന്റെ കൂടെയാണെങ്കിൽ മാത്രമേ ഇനി സിനിമകൾ ചെയ്യാൻ താൽപര്യമുള്ളൂയെന്നും സാധിക വേണു​ഗോപാൽ വ്യക്തമാക്കി. ഈ അടുത്ത് ഓണത്തിനുള്ള ഷോ കട്ടായി. ഏകദേശം എല്ലാം ഓക്കെയായിരുന്നു.

ഇപ്പോൾ അഡ്ജസ്റ്റ്മെന്റ് തയ്യാറാണോ എന്ന ചോദ്യമല്ല, ചോദ്യങ്ങളൊക്കെ നിന്നു. നമുക്ക് രണ്ട് മൂന്ന് ദിവസം നിന്ന് അടിച്ച് പൊളിച്ച് പോകാമെന്ന് പറഞ്ഞു. കാലഘട്ടത്തിന്റെ വ്യത്യാസമുണ്ട്. എങ്ങനെ ചോദിക്കണമെന്ന് പലരും പഠിച്ചെന്നും സാധിക തുറന്നടിച്ചു.