മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു

പാണക്കാട്: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. മലപ്പുറത്ത് ചേർന്ന പാർട്ടി ഉന്നതാധികാര സമിതി യോഗമാണ് തീരുമാനിച്ചത്. സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടർന്നാണ് പ്രസിഡന്റായി സാദിഖലി തങ്ങൾ ചുമതലയേൽക്കുന്നത്.

മുസ്‍ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം.ഖാദർ മൊയ്തീൻ സാഹിബ് ഉൾപ്പെടെ പ്രമുഖ നേതാക്കൾ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ഹൈദരലി ശിഹാബ് തങ്ങളുടെ സഹോദരനായ സാദിഖലി തങ്ങൾ 2009 മുതൽ മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റും ഉന്നതാധികാര സമിതി അംഗവുമാണ്.

പാർട്ടിയുടെ ദേശീയ രാഷ്ട്രീയ ഉപദേശക സമിതി ചെയർമാൻ ആയും സാദിഖലി തങ്ങളെ പ്രഖ്യാപിച്ചു. ഇരു സ്ഥാനങ്ങളും നേരത്തെ വഹിച്ചിരുന്നത് ഹൈദരലി തങ്ങൾ ആയിരുന്നു. സാദിഖലി തങ്ങളെ ആലിംഗനം ചെയ്ത് പുതിയ പദവിയിലേക്ക് സ്വീകരിച്ച ഖാദർ മൊയ്തീൻ എല്ലാവരുടെയും പിന്തുണ സാദിഖലി തങ്ങൾക്ക് വേണമെന്നും അഭ്യർഥിച്ചു.

യോഗത്തിൽ പാണക്കാട് റഷീദലി തങ്ങളാണ് സാദിഖലി തങ്ങളുടെ പേര് നിർദ്ദേശിച്ചതെന്നും അത് എല്ലാവരും ഐകകണ്ഠ്യേന അംഗീകരിക്കുകയായിരുന്നുവെന്നും മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, ഓർഗനൈസിങ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

പി.എം.എസ്.എ.പൂക്കോയ തങ്ങളുടെയും ഖദീജ ഇമ്പിച്ചി ബീവിയുടേയും മകനായി 1964ൽ ജനിച്ചു. എസ്കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ്, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് എന്നീ സുപ്രധാന ചുമതലകൾ നിർവഹിച്ചിരുന്നു.

പട്ടിക്കാട് ജാമിഅ നൂരിയ ജനറൽ സെക്രട്ടറി വളവന്നൂർ ബാഫഖി യതീംഖാന പ്രസിഡന്റ്, പൊന്നാനി മഊനത്തുൽ ഇസ്‌ലാം സഭ വൈസ് പ്രസിഡന്റ്, എരമംഗലം ദാറുസ്സലാമത്ത് ഇസ്‌ലാമിക് കോംപ്ലക്സ് പ്രസിഡന്റ്, കാടഞ്ചേരി നൂറുൽ ഹുദാ ഇസ്‌‌ലാമിക കോളജ് പ്രസിഡന്റ്, എസ്‌വൈഎസ് സംസ്ഥാന വൈസ് പ്രസിഡന്റ്, സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോർഡ് നിർവാഹക സമിതി അംഗം, കോഴിക്കോട് ഇസ്‌ലാമിക് സെന്റർ ചെയർമാൻ തുടങ്ങി വിവിധ പദവികൾ വഹിക്കുന്നുണ്ട്.