നീറ്റ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ സഹോദരന്‍ ആത്മഹത്യ ചെയ്തു, സായ് പല്ലവി പറയുന്നു

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് സായ് പല്ലവി. പ്രേമം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടി ഇപ്പോള്‍ തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും തിളങ്ങി നില്‍ക്കുകയാണ്. ഇപ്പോള്‍ നീറ്റ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ സഹോദരന്‍ ആത്മഹത്യ ചെയ്ത കാര്യം പറയുകയാണ് നടി സായ് പല്ലവി. മത്സരപരീക്ഷകള്‍ പുതുതലമുറയെ സമ്മര്‍ദ്ദത്തിലാക്കുന്നതും ആത്മഹത്യയില്‍ കൊണ്ടെത്തിക്കുന്നതും തികച്ചും ദൗര്‍ഭാഗ്യകരമാണെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സായ് പല്ലവി പറഞ്ഞു.

സായ് പല്ലവിയുടെ വാക്കുകള്‍ ഇങ്ങനെ, തന്റെ കസിന്‍ നീറ്റില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ ആത്മഹത്യ ചെയ്തു. അവന് തീരെ മാര്‍ക്ക് കുറവായിരുന്നില്ല. എന്നാല്‍ പ്രതീക്ഷിച്ച മാര്‍ക്ക് നേടാന്‍ സാധിക്കാതെ വന്നപ്പോള്‍ കടും കൈ ചെയ്തു. അവനൊരു തോല്‍വിയാണെന്ന് കുടുംബാംഗങ്ങള്‍ കരുതുമെന്നതായിരുന്നു ഭയം. അതൊരു ശരിയായ ചിന്തയായിരുന്നില്ല. ഒരു കാരണവശാലും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കരുത്. നിങ്ങള്‍ പരാജയപ്പെട്ടുവെന്ന് തോന്നുമ്പോള്‍ ആരോടെങ്കിലും മനസ്സ് തുറന്ന് സംസാരിക്കണം. അതിനുള്ള സാഹചര്യം കുടുംബത്തില്‍ തന്നെ കുട്ടികള്‍ക്ക് ഒരുക്കി കൊടുക്കണം. എല്ലാവര്‍ക്കും ജീവിതത്തില്‍ ദുര്‍ബല നിമിഷങ്ങളുണ്ടായിരിക്കും.

ആ നിമിഷത്തില്‍ നിന്ന് നിങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ഒരാളുണ്ടെങ്കില്‍ അതൊരു വലിയ കാര്യമാണ്. നിങ്ങള്‍ക്ക് പ്രചോദനമാകാന്‍ തന്റെ പക്കല്‍ ഒന്നുമില്ല. നിങ്ങള്‍ അനുഭവിക്കുന്ന വിഷമത്തില്‍ അനുതാപമുണ്ട്. നിങ്ങള്‍ ചിലപ്പോള്‍ വരുന്നത് ഒരു സാധാരണ ഗ്രാമത്തില്‍ നിന്നാകും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്നാകും.

അല്ലെങ്കില്‍ മാതാപിതാക്കളെ നഷ്ടമായ സാഹചര്യത്തിലും പരീക്ഷയ്ക്ക് വേണ്ടി പരിശ്രമിക്കുകയായിരിക്കും. നിങ്ങളുടെ സങ്കല്‍പ്പത്തിനനുസരിച്ച് ഉയരാന്‍ കഴിയാതെ വരുമ്പോഴുണ്ടാകുന്ന നിരാശയില്‍ നിന്നായിരിക്കാം ആവശ്യമില്ലാത്ത ചിന്തകള്‍ ഉണ്ടാകുന്നത്. എന്നാല്‍ ഒന്നുമാത്രം പറയാം, മത്സര പരീക്ഷകള്‍ ഒന്നിന്റെയും അവസാനമല്ല.