വൃദ്ധയായി സായ് പല്ലവി, മേക്കപ്പ് വീഡിയോ വൈറൽ

മലയാളികളുടെ പ്രിയ നടിയാണ് സായ് പല്ലവി. പ്രേമം എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച താരം ഇപ്പോൾ തെന്നിന്ത്യൻ ഭാഷകളിലെല്ലാമായി സജീവമായിരിക്കുകയാണ്. മികച്ച ഒരു നർത്തകി കൂടിയാണ് താരം. ചുംബന രംഗങ്ങളിൽ അഭിനയിക്കാനും ഗ്ലാമർ പ്രകടനങ്ങൾ നടത്താനും തനിക്ക് താത്പര്യമില്ലെന്ന് നടി നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. നേരത്തെ ഫെയർനസ് ക്രീമിന്റെ പരസ്യവും സായ് പല്ലവി നിരസിച്ചിരുന്നു. കോടികൾ വാഗ്ദാനം ചെയ്തപ്പോഴും താരം ആ അവസരം നിഷേധിക്കുകയായിരുന്നു.

തെലുങ്ക് ചിത്രം ശ്യാം സിംഗ റോയിലെ വൃദ്ധയുടെ ലുക്കിലേക്കുള്ള നടി സായ് പല്ലവിയുടെ മേക്കപ്പ് വിഡിയോ വൈറൽ. മണിക്കൂറുകളെടുത്താണ് വൃദ്ധയുടെ ലുക്കിലേക്ക് സായിയെ മേക്കപ്പ് ആർട്ടിസ്റ്റുകൾ മാറ്റിയെടുത്തത്. നാനി നായകനായെത്തിയ ചിത്രത്തിൽ കൃതി ഷെട്ടി, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് മറ്റു രണ്ടു നായികമാർ. നാനിയും ചിത്രത്തിൽ രണ്ട് ഗെറ്റപ്പിൽ എത്തിയിരുന്നു.

മികച്ച പ്രതികരണം നേടി വിജയകരമായി പ്രദർശനം തുടരുകയാണ് ‘ശ്യാം സിംഗ റോയ്’. ശ്യാം സിംഗ റോയി ആരാധകർക്കൊപ്പം കണ്ടുമടങ്ങിയ സായ് പല്ലവിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വേഷം മാറിയാണ് താരം തീയേറ്ററിൽ എത്തിയത്. ഹൈദരാബാദിലെ ശ്രിരാമുലു തീയേറ്ററിൽ സെക്കന്റ് ഷോയ്ക്കാണ് സായ് എത്തിയത്. പർദയും ബുർഖയുമണിഞ്ഞെത്തിയ നടിയെ സിനിമ അവസാനിച്ചിറങ്ങുമ്പോഴും ആരും തിരിച്ചറിഞ്ഞിരുന്നില്ല.