അമ്മ ഇല്ലാതായിക്കഴിഞ്ഞിട്ട് അമ്മയെക്കുറിച്ചോര്‍ത്ത് കരഞ്ഞിട്ടെന്തു കാര്യം, സജിയുടെ കുറിപ്പ് ശ്രദ്ധേയം

അമ്മയുടെ വില മനസിലാക്കാതെ പോകുന്ന പലരുമുണ്ട്. നൊന്ത് പ്രസവിച്ച അമ്മയെയും പോറ്റി വളര്‍ത്തിയ അച്ഛനെയും പ്രായമാകുമ്പോള്‍ വൃദ്ധ സദനത്തില്‍ തള്ളുന്നവരും അവര്‍ക്ക് നേരെ കൈയ്യോങ്ങുന്നവരുമൊക്കെയുണ്ട്. എന്നാല്‍ ഇവരൊന്നും ആ മാതാപിതാക്കളുടെ വില മനസിലാക്കുന്നില്ല എന്നതാണ് സത്യം. ഇപ്പോള്‍ മരണപ്പെട്ട തന്റെ അമ്മയെ കുറിച്ച് സജി ആര്‍ എന്ന യുവാവ് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഈ ലോകത്ത് അമ്മയ്ക്ക് തുല്യം, അമ്മ മാത്രമേയുള്ളൂ.’ എല്ലാ അമ്മമാരും ആഗ്രഹിക്കുന്നത്, മക്കള്‍ വലിയ നിലയിലെത്തണമെന്നായിരിക്കും. എന്നാല്‍, ഒരിക്കലും അമ്മ ആഗ്രഹിക്കുന്നത് പോലെയൊക്കെ ആയിത്തീരാന്‍ എല്ലാ മക്കള്‍ക്കും കഴിഞ്ഞെന്ന് വരില്ല. പക്ഷേ, മോശപ്പെട്ട വഴികളിലൂടെ ഓരോ മക്കള്‍ക്കും നടക്കാതിരിക്കാം-സജി കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം, ഏതൊരു പ്രിയപ്പെട്ടവരും നമുക്ക് അന്യരാകുന്നൊരു ദിവസം വരും. പ്രിയപ്പെട്ട ചിലരെല്ലാം ജീവിച്ചിരിക്കുമ്പോള്‍ നമ്മള്‍ ചിന്തിക്കും, ഈ പ്രിയപ്പെട്ടവര്‍ ഒരിക്കല്‍ ഇല്ലാതായാല്‍ നമ്മളെങ്ങനെ ജീവിക്കുമെന്ന്.

ലോകത്തിലേക്കും എനിക്കെന്നും പ്രിയപ്പെട്ടത് എനിക്കെന്റെ അമ്മ തന്നെയായിരുന്നു. എന്നും എന്നോടൊപ്പം ചേര്‍ന്ന് നിന്നിട്ടുള്ളതും, എവിടെയും എനിക്കുവേണ്ടി വാദിച്ചിട്ടുള്ളതും എന്റെയമ്മയായിരുന്നു. ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ടെങ്കിലും, എന്റെ ജീവിതത്തിലെ സുവര്‍ണ്ണ കാലമായിരുന്നു എന്റെയമ്മ ജീവിച്ചിരുന്ന കാലം. ഞാനെന്തൊക്കെ ചെയ്താലും, എത്ര ദേഷ്യപ്പെട്ടാലും, അമ്മ ഒരിക്കലും എന്നെ വിട്ടുപോകില്ലെന്നൊരു മൂഢസ്വര്‍ഗ്ഗത്തിലായിരുന്നു ഞാന്‍ ജീവിച്ചിരുന്നത്. പക്ഷേ, ഒരിക്കലും ഞാനെന്റെ അമ്മയുടെ വില അറിഞ്ഞിരുന്നില്ല. വില മതിക്കാനാവാത്ത ഒന്നായിരുന്നു എന്റെയമ്മയെന്ന് എനിക്ക് അറിയാം. അമ്മയുണ്ടാക്കുന്നത്ര രുചിയുള്ള ഭക്ഷണം, ഇനി കഴിക്കാന്‍ കഴിയില്ലെന്ന് അറിയാം അമ്മയോളം സ്‌നേഹത്തോടെയും, വാല്‍സല്യത്തോടെയും മറ്റാരുമെന്നോട് പെരുമാറിയിട്ടുമില്ല. അമ്മയുടേതാകട്ടെ, ശാശ്വതവും.

എല്ലാ മക്കളോടും എനിക്ക് പറയാനുള്ളത് ഇതാണ്. ‘ഈ ലോകത്ത് അമ്മയ്ക്ക് തുല്യം, അമ്മ മാത്രമേയുള്ളൂ.’ എല്ലാ അമ്മമാരും ആഗ്രഹിക്കുന്നത്, മക്കള്‍ വലിയ നിലയിലെത്തണമെന്നായിരിക്കും. എന്നാല്‍, ഒരിക്കലും അമ്മ ആഗ്രഹിക്കുന്നത് പോലെയൊക്കെ ആയിത്തീരാന്‍ എല്ലാ മക്കള്‍ക്കും കഴിഞ്ഞെന്ന് വരില്ല. പക്ഷേ, മോശപ്പെട്ട വഴികളിലൂടെ ഓരോ മക്കള്‍ക്കും നടക്കാതിരിക്കാം. ഉന്നത സ്ഥാനങ്ങളില്‍ എത്തിയില്ലെങ്കിലും, കോടികള്‍ സമ്പാദിച്ചില്ലെങ്കിലും, കൂലിപ്പണിയെടുത്തെങ്കിലും മക്കള്‍ സമാധാനമായി കഴിയുന്നതായിരിക്കും ഏതൊരു അച്ഛനമ്മമാരുടെയും സന്തോഷം. അമ്മ ഇല്ലാതായിക്കഴിഞ്ഞിട്ട് അമ്മയെക്കുറിച്ചോര്‍ത്ത് കരഞ്ഞിട്ടെന്തു കാര്യം.