സൽമാൻ റുഷ്ദിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി

ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിഖ്യാത സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയെന്ന് റിപ്പോര്‍ട്ട്. റുഷ്ദിയുടെ പുസ്തക ഏജന്റായ ആന്‍ഡ്രൂ വൈലിയാണ് വിവരം പുറത്തു വിട്ടത്. ഇപ്പോള്‍ റുഷ്ദിക്ക് സംസാരിക്കാന്‍ കഴിയുന്നുണ്ടെന്നും ആന്‍ഡ്രൂ മാധ്യമങ്ങളോട് പറഞ്ഞു. സല്‍മാന്‍ റുഷ്ദിയുടെ സുഹൃത്തും എഴുത്തുകാരനുമായ ആതിഷ് തസീര്‍ വാര്‍ത്ത സ്ഥിരീകരിച്ചു കൊണ്ട് ട്വിറ്ററില്‍ കുറിച്ചു.

‘ആവേശകരമായ ഒരു വാര്‍ത്ത ഇപ്പോള്‍ ലഭിച്ചു: സല്‍മാനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി, അദ്ദേഹം സംസാരിച്ച് തുടങ്ങി (തമാശയും പറഞ്ഞു തുടങ്ങി)’ ആഗസ്റ്റ് 12ന് ന്യൂയോര്‍ക്കിലെ ചൗതക്വ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംസാരിക്കുമ്പോഴായിരുന്നു റുഷ്ദിക്കെതിരെ ആക്രമണം ഉണ്ടായത്. വേദിയിലേക്ക് കയറി വന്ന ഹാദി മറ്റാര്‍ എന്ന യുവാവ് സല്‍മാന്‍ റുഷ്ദിയുടെ കഴുത്തിന് കുത്തുകയായിരുന്നു. രണ്ട് തവണ കുത്തേറ്റതോടെ നിലത്ത് വീണ റുഷ്ദിയെ ഹെലികോപ്റ്റര്‍ വഴിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.