എന്തുകൊണ്ട് സുരേഷ് ഗോപിക്ക് ചോദിക്കാതെ സല്യൂട്ട് അടിച്ചു, എസ്‌ഐ പറയുന്നു

എസ്‌ഐയെ കൊണ്ട് സുരേഷ് ഗോപി എംപി പറഞ്ഞ് സല്യൂട്ട് ചെയ്യിച്ചത് വലിയ വിവാദമായിരുന്നു. ഇതിനിടെ സുരേഷ് ഗോപിയെ ചോദിക്കാതെ തന്നെ സല്യൂട്ട് ചെയ്ത സോഷ്യല്‍ മീഡിയയില്‍ വൈറലായിമാറിയ എസ് ഐ സാം ലെസ്ലി വിദീകരണവുമായി രംഗത്തെത്തി. കലാകാരന്‍ എന്ന നിലയിലും നല്ലൊരു മനുഷ്യന്‍ എന്ന നിലയിലുമാണ് സുരേഷ് ഗോപിയെ സല്യൂട്ട് ചെയ്തതെന്ന് എസ്‌ഐ സാം പറഞ്ഞു.

”എന്നെ ആരും നിര്‍ബന്ധിച്ചതൊന്നുമല്ല. കലാകാരന്‍ എന്ന നിലയിലും നല്ലൊരു മനുഷ്യന്‍ എന്ന നിലയിലും എനിക്ക് അദ്ദേഹത്തോട് ആദരവുണ്ട്. അതുകൊണ്ടാണ് സല്യൂട്ട് ചെയ്തത്. സുരേഷ് ഗോപി ദേശീയ അവാര്‍ഡ് നേടിയ നടനാണ്. അങ്ങനെയൊരാളെ സല്യൂട്ട് ചെയ്യുന്നതില്‍ എന്താണ് പ്രശ്‌നം?”-സാം ലെസ്ലി പറഞ്ഞു.

കഴിഞ്ഞദിവസം ചേരാനെല്ലൂരില്‍ ബിജെപിയുടെ ഒരു പരിപാടിക്കെത്തിയപ്പോഴായിരുന്നു സാം ലെസ്ലിയുടെ സല്യൂട്ട്. സല്യൂട്ട് ലഭിച്ചതോടെ സുരേഷ് ഗോപി ഉദ്യോഗസ്ഥനെ അടുത്ത് വിളിച്ച് കുശലം അന്വേഷിക്കുകയും ചെയ്തിരുന്നു.

തൃശൂരില്‍ തന്നെ കണ്ടിട്ടും ജീപ്പില്‍ തന്നെയിരുന്ന എസ്‌ഐയെ അടുത്തു വിളിച്ച് സുരേഷ് ഗോപി സല്യൂട്ട് അടിപ്പിച്ചതാണ് വിവാദമായത്. താന്‍ മേയറല്ല, എംപിയാണ്. ശീലങ്ങള്‍ മറക്കരുത് എന്നായിരുന്നു സുരേഷ് ഗോപി എസ്‌ഐയോട് പറഞ്ഞത്. പിന്നീട് വിവാദത്തില്‍ വിശദീകരണവുമായി താരം രംഗത്ത് എത്തുകയും ചെയ്തു.

”സല്യൂട്ട് വിവാദത്തില്‍ പരാതിയുണ്ടെങ്കില്‍ അവര്‍ പാര്‍ലമെന്റിലെത്തി ചെയര്‍മാന് പരാതി നല്‍കണം. വി വില്‍ സീ. പൊലീസ് അസോസിയേഷനൊന്നും ജനങ്ങള്‍ക്ക് ചുമക്കാന്‍ സാധിക്കില്ല. അതെല്ലാം അവരുടെ വെല്‍ഫയറിന് മാത്രം. എംപിക്ക് സല്യൂട്ടടിക്കേണ്ടതില്ലെന്ന ആരു പറഞ്ഞു. പൊലീസ് കേരളത്തിലാ. ഇന്ത്യയില്‍ ഒരു സംവിധാനമുണ്ട്. അത് അനുസരിച്ചേ പറ്റൂ. ഇക്കാര്യത്തില്‍ ഡിജിപി പറയട്ടെ. നാട്ടുനടപ്പ് എന്നത് രാജ്യത്തെ നിയമത്തെ അധിഷ്ഠിതമാക്കിയാണ്. ഞാന്‍ പറയുന്നത് ഈ സല്യൂട്ട് എന്ന പരിപാടിയേ അവസാനിപ്പിക്കണമെന്നാണ്. ആരെയും സല്യൂട്ട് ചെയ്യേണ്ട. പക്ഷെ അതിനകത്ത് ഒരു രാഷ്ട്രീയ വിവേചനം വരുന്നത് അംഗീകരിക്കാനാവില്ല.” എന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം.