സ്വവർഗ പങ്കാളികൾ നൂറയും നസ്റിനും വിവാഹിതരായി, ചിത്രങ്ങള്‍ വൈറലായി

കൊച്ചി. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലെ നിയമ പോരാട്ടത്തിനും ഒടുവിൽ നൂറയും നസ്റിനും പുതു ജീവിതത്തിലേക്ക് കൈകോർത്തു. ഒരുമിച്ച് ജീവിതം ആരംഭിച്ച വിവരം ഇരുവരും തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അറിയിച്ചിരിക്കുന്നത്. ‘എന്നെന്നേക്കുമായുള്ള നേട്ടം സ്വന്തമാക്കി’ എന്ന അടിക്കുറിപ്പോടെയാണ് ഇരുവരും തങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. വിവാഹവസ്ത്രങ്ങളണിഞ്ഞ് പരസ്പരം വിവാഹമാലയണിഞ്ഞും മോതിരം കൈമാറിയും കേക്ക് മുറിച്ചുമുള്ള ചിത്രങ്ങൾക്ക് ആശംസയും പിന്തുണയുമായി നിരവധി പേരാണ് എത്തുന്നത്.

സൗദിയില്‍ പ്ലസ് ടു ക്ലാസ്സില്‍ ഒന്നിച്ച് പഠിക്കുമ്പോഴാണ് നസ്റിനും നൂറയും പ്രണയത്തിലാവുന്നത്. പ്രണയം വീട്ടുകാരറിഞ്ഞതോടെ എതിര്‍പ്പുണ്ടായി. ഇരുവരെയും ഇതോടെ ബന്ധുക്കള്‍ അകറ്റുകയായിരുന്നു. പ്ലസ് ടുവിന് ശേഷം ഉപരിപഠനത്തിനായി ഇരുവരും നാട്ടിലേക്ക് എത്തി. ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം ഇരുവരും ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചതോടെ ബന്ധുക്കൾ എതിർപ്പുമായി രംഗത്തെത്തുകയാണ് ഉണ്ടായത്.

എതിർപ്പ് ശക്തമായതോടെയാണ് കൂട്ടുകാരി ഫാത്തിമ നൂറയ്ക്കൊപ്പം ജീവിക്കാൻ അനുമതി തേടി ആദില നസ്റിൻ ഹൈക്കോടതിയിൽ ഹേബിയസ് ഹര്‍ജി നല്‍കുന്നത്. വീട്ടുകാര്‍ തടഞ്ഞ് വച്ചിരിക്കുന്ന തന്റെ പങ്കാളിയെ മോചിപ്പിച്ച് ഒന്നിച്ച് ജീവിക്കാൻ അനുവദിക്കണമെന്നായിരുന്നു ആദില നസ്റിൻ, ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹർജി സമര്‍പ്പിക്കുമ്പോൾ ആവശ്യപ്പെട്ടിരുന്നത്.

ആദിലയുടെ ഹര്‍ജി പരിഗണിച്ച കോടതി ഫാത്തിമ നൂറയെ കോടതിയില്‍ ഹാജരാക്കാൻ ഉത്തരവിടുകയായിരുന്നു. പിന്നീട് ഫാത്തിമ നൂറയുടെ താത്പര്യം കൂടി കണക്കിലെടുത്ത് കോടതി ഇരുവരേയും ഒന്നിച്ചു ജീവിക്കാൻ അനുവദിക്കുക യായിരുന്നു. പ്രായപൂര്‍ത്തിയായവര്‍ക്ക് ഒന്നിച്ചു ജീവിക്കാന്‍ വിലക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ് ഉണ്ടാവുന്നത്.

സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികള്‍ക്ക് ഒന്നിച്ചു ജീവിക്കാനുള്ള അനുമതി ഹൈക്കോടതി നൽകിയതോടെ ഇരുവരുടെയും സ്നേഹവും പോരാട്ടവും വിജയത്തിലെത്തി. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് പ്രണയസാഷാത്കാരം നേടി ഒന്നായതിന്റെ സന്തോഷത്തിലായി പിന്നവർ. ഇപ്പോൾ അവർ കൈകോർത്തിരിക്കുകയാണ് അവരുടെ പ്രണയ സാഷാൽക്കാരമെന്ന ജീവിതത്തിലേക്ക്.

 

View this post on Instagram

 

A post shared by Fathima Noora (@noora_adhila)