ഓഫീസില്‍ ജോലിക്ക് പോകുന്നു എന്ന് കള്ളം പറഞ്ഞാണ് സിനിമാ സെറ്റിലേക്ക് വന്നത്, സംവൃത സുനില്‍ പറയുന്നു

മലയാള സിനിമ പ്രേമികളുടെ ഏറെ പ്രിയപ്പെട്ട നടിയാണ് സംവൃത സുനില്‍. സിനിമയില്‍ തിളങ്ങി നില്‍ക്കവെയാണ് നടി വിവാഹിത ആവുന്നത്. തുടര്‍ന്ന് സിനിമയില്‍ നിന്നും ബ്രേക്ക് എടുത്ത് അമേരിക്കയില്‍ കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കുകയായിരുന്നു. ലോക്ക്ഡൗണിന് തൊട്ട് മുമ്പാണ് സംവൃത സുനില്‍ രണ്ടാമതൊരു കുഞ്ഞിന് ജന്മം നല്‍കിയത്. മൂത്തമകന്റെ ജന്മദിനത്തിന് ഒരു ദിവസം മുന്‍പായിരുന്നു ഇളയമകന്റെയും ജനനം. ബിജു മേനോന്‍ നായകനായ സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ എന്ന ചിത്രത്തിലൂടെ സംവൃത തിരിച്ചു വരവ് നടത്തിയിരുന്നു.

വിവാഹത്തിന് ശേഷം സിനിമയിലേക്കുള്ള തിരിച്ചുവരവിന് കാരണമായ സാഹചര്യത്തെ കുറിച്ച് തുറന്ന് പറയുകയാണ് സംവൃത സുനില്‍. ചെറിയ പ്രായത്തില്‍ കാര്യങ്ങള്‍ തിരിച്ചറിയാനുള്ള പ്രായത്തിലേക്ക് മകന്‍ വരുമ്പോള്‍ നല്ല ഒരു സിനിമ ചെയ്യണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. അത്തരമൊരു ശരിയായ സമയത്തായിരുന്നു ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’ എന്ന ചിത്രം വന്നത്,- ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ സംവൃത പറഞ്ഞു.

സംവൃതയുടെ വാക്കുകള്‍ ഇങ്ങനെ, ‘എന്റെ തിരിച്ചു വരവില്‍ ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’ എന്ന സിനിമ തെരഞ്ഞെടുക്കാന്‍ ഒരുപാട് കാരണങ്ങളുണ്ട്. മുന്‍പ് പല ഓഫറുകള്‍ വന്നെങ്കിലും ഇത് ശരിയായ സമയത്ത് വന്ന സിനിമ ആണെന്ന് പറയാം. മകന് നാല് വയസ് ആയപ്പോഴാണ് ഈ സിനിമയിലേക്ക് ക്ഷണം വരുന്നത്. അവന് കാര്യങ്ങള്‍ പറഞ്ഞു കൊടുത്താല്‍ മനസിലാകും എന്നുള്ളത് കൊണ്ട് സിനിമയിലേക്ക് വരാന്‍ കഴിഞ്ഞു. എന്റെ അച്ഛന്റെയും, അമ്മയുടെയും അടുത്ത് അവന്‍ കംഫര്‍ട്ടായിരുന്നു. ഞാന്‍ ഓഫീസില്‍ ജോലിക്ക് പോകുന്നു എന്ന് പറഞ്ഞാണ് സിനിമാ സെറ്റിലേക്ക് വന്നത്.

അവന്റെ പപ്പ അങ്ങനെ പറഞ്ഞിട്ട് പോകുന്നതിനാല്‍ അവനറിയാം കുറേ ദിവസം കഴിഞ്ഞ് തിരിച്ചു വരുമെന്ന്. മകന്റെ ചൈല്‍ഡ് ഹുഡ് ലൈഫിനെ ബാധിക്കാത്ത സ്ഥിതി വരുമ്പോള്‍ സിനിമ ചെയ്യണമെന്നായിരുന്നു ആഗ്രഹം. അങ്ങനെ ഒരു സമയത്തായിരുന്നു ഈ സിനിമ വന്നത്. മാത്രമല്ല എനിക്ക് കംഫര്‍ട്ടായ ഒരു ടീമിനൊപ്പം വര്‍ക്ക് ചെയ്യണമെന്നായിരുന്നു ആഗ്രം. ബിജു ചേട്ടന്‍ ഉള്‍പ്പടെയുള്ള ഇതിന്റെ ക്രൂ എനിക്ക് ഒക്കെ ആയിരുന്നു. പിന്നെ ഒരുപാട് ദിവസം ചിത്രീകരണവും ഇല്ലായിരുന്നു.’