എന്റെ ഒരു ഫോട്ടോ പേജില്‍ ഷെയര്‍ ചെയ്താല്‍ അപ്പോള്‍ തന്നെ ലൈക്ക്‌സും കമന്റും കുമിഞ്ഞുകൂടും

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംവൃത സുനില്‍. നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ കടന്നു കൂടിയ താരം. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും പിന്നീട് ബിജുമേനോന്‍ ചിത്രമായ സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തി. ഇപ്പോള്‍ നടിയുടെ ചില വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. സോഷ്യല്‍ മീഡിയയുടെ ഉപയോഗത്തോടെയാണ് ജനങ്ങള്‍ തന്നെ എത്രത്തോളം സ്‌നേഹിക്കുന്നുണ്ട് എന്ന് മനസ്സിലാക്കുന്നത് എന്ന് നടി സംവൃത പറയുന്നു.

തന്റെ ഒരു ഫോട്ടോ പേജില്‍ ഷെയര്‍ ചെയ്താല്‍ അപ്പോള്‍ തന്നെ ലൈക്‌സും കമന്റും കുമിഞ്ഞു കൂടുമെന്നും തന്നോട് കാണിക്കുന്ന ഈ സ്‌നേഹത്തില്‍ ഒരുപാട് നന്ദിയുണ്ടെന്നും സംവൃത പറഞ്ഞു. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയാകാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ താരം. ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം

സംവൃതയുടെ വാക്കുകള്‍ ഇങ്ങനെ, ‘മലയാളികള്‍ക്ക് എന്നോട് പ്രത്യേക സ്‌നേഹമാണോ എന്നറിയില്ല. പക്ഷെ നാട്ടില്‍ മാത്രമല്ല. ഇവിടെപ്പോലും എന്നെക്കണ്ടാല്‍ മലയാളികള്‍ ഓടി വരും. ഫോട്ടോ എടുക്കും. അവര്‍ക്ക് ഇഷ്ടമറിയിക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോള്‍ കൂടുതല്‍ അവസരങ്ങളുണ്ട്. ഒരു ഫോട്ടോ പേജില്‍ ഷെയര്‍ ചെയ്താല്‍ മതി അപ്പോള്‍ തന്നെ ലൈക്‌സും കമന്റും കുമിഞ്ഞുകൂടും. മഴവില്‍ മനോരമയിലെ റിയാലിറ്റി ഷോയിലൂടെയുള്ള രണ്ടാം വരവിനു ശേഷമാണ് ഞാന്‍ സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സജീവമായത്.

എന്നെ ഇത്രയധികം സ്‌നേഹിക്കുന്നവര്‍ ഉണ്ടെന്നുള്ളത് വലിയൊരു അനുഗ്രഹം തന്നെയാണ്. എന്റെ ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങിയിരിക്കുന്ന ജസ്റ്റിനാണ് ഏറ്റവും വലിയ ആരാധകന്‍. എന്റെ കയ്യില്‍ ഇല്ലാതിരുന്ന ചിത്രങ്ങളും സ്റ്റില്ലുകളും ജസ്സിന്റെ കയ്യിലുണ്ട്. സത്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ എന്നെ ആക്ടീവായി നിര്‍ത്തുന്നത് ഈ ആരാധകരാണ്’.