സനൽ കുമാർ ശശിധരന്‍റെ ചോദ്യം ചെയ്യൽ കൊച്ചിയിൽ തുടരുന്നു

കൊച്ചി: നടി മഞ്ജു വാര്യരുടെ പരാതിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത സംവിധായകൻ സനൽ കുമാർ ശശിധരന്‍റെ ചോദ്യം ചെയ്യൽ കൊച്ചിയിൽ തുടരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പായതിനാൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കാനാണ് സാധ്യത. എന്നാൽ വിശദമായി ചോദ്യം ചെയ്യുന്ന പ്രതിയുടെ ഫോൺ കൂടി പരിശോധിച്ച ശേഷമാകും കൂടുതൽ വകുപ്പുകൾ ചുമത്തേണ്ട കാര്യത്തിൽ പൊലീസ് അന്തിമ തീരുമാനമെടുക്കുക.

അതേസമയം പാറശ്ശാലയിലെ ബന്ധു വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത സനൽകുമാർ ശശിധരനെ പൊലീസ് കൊച്ചിയിലെത്തിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത് എളമക്കര സ്റ്റേഷനിലെത്തിച്ച സംവിധായകൻ സനൽകുമാർ ശശിധരൻ പൊലീസ് കള്ളക്കേസ് ഉണ്ടാക്കുന്നുവെന്നാണ് രാത്രി പ്രതികരിച്ചത്. താൻ നിരപരാധിയാണെന്നും മഞ്ജുവിനെ പിന്തുടർന്നിട്ടില്ലെന്നും സനൽകുമാർ അവകാശപ്പെട്ടു.