സഞ്ജിത്തിന്റെ കൊലപാതകം; പ്രതികളുടെ പൊളിച്ച വാഹനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; പൊളിച്ചത് പൊള്ളാച്ചിക്ക് സമീപമുള്ള ഊത്തുക്കുള്ളിയിൽ

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ പ്രതികൾ സഞ്ചരിച്ച വാഹനം പൊളിച്ചതിന്റെ ദൃശ്യങ്ങൾ പുറത്ത്. പൊള്ളാച്ചിക്ക് സമീപമുള്ള ഊത്തുക്കുള്ളിയിൽ വച്ചാണ് പ്രതികളുടെ കാർ പൊളിച്ചത്. വാഹനത്തിന്റെ ടയറും എഞ്ചിൻ ഷീറ്റും പൊലീസെത്തി പരിശോധിച്ചു. കൊലപാതകത്തിനു ശേഷം പ്രതികള്‍ സഞ്ചരിച്ച മാരുതി 800 കാറിന്റെ പലയിടങ്ങളിലായി നിന്നുലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. എന്നാല്‍ വാഹനം കണ്ടെത്താന്‍ ഇതുവരെ സാധിച്ചിരുന്നില്ല.

സംഭവത്തില്‍ ഒരു പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹി കൂടി ഇന്നലെ രാത്രി അറസ്റ്റിലായി. കേസില്‍ രണ്ടാമത്തെ അറസ്റ്റാണിത്. പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളാണ് സംഭവത്തില്‍ ഇതുവരെ പിടിയിലായ രണ്ടുപേരും. അന്വേഷണം പുരോഗമിക്കുന്ന ഘട്ടമായതിനാല്‍ പിടിയിലായ പ്രതികളുടെ പേരുകള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നാണ് പൊലീസ് വിശദീകരണം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അന്വേഷണം വ്യാപിപ്പിച്ചെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥിന്റെ നേതൃത്വത്തില്‍ 34 അംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്.