കരള്‍ പിടയുന്ന വേദനയിലും കനിവ് നീട്ടിയവള്‍, മറക്കാനാവാത്ത ഓര്‍മ്മ സമ്മാനിച്ച നല്ലമനസ്, നോവായി ശരണ്യ

ജീവിതത്തിലുടനീളം വേദനകള്‍ അനുഭവിച്ച് ഒടുവില്‍ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായിരിക്കുകയാണ് പ്രിയ താരം ശരണ്യ ശശി. വേദനയില്‍ പിടയുമ്പോഴും പുഞ്ചിരിച്ചുകൊണ്ട് ഏവര്‍ക്കും ഊര്‍ജം പകര്‍ന്ന ശരണ്യ അനിവാര്യമായി വിധിയുടെ വിളിയില്‍ ഇപ്പോള്‍ മടങ്ങിയിരിക്കുകയാണ്. സര്‍ജറികളുടെയും കീമോകളുടെയും മരുന്നുകളുടെയും നടുവില്‍ നിന്നും സോഷ്യല്‍ മീഡിയയ്ക്ക് മുന്നിലെത്തുമ്പോള്‍ നിറ ചിരിയായിരുന്നു ആ മുഖത്ത്. ഒരിക്കല്‍ പോലും തന്റെ വേദനകള്‍ മറ്റുള്ളവരിലേക്ക് പകരാന്‍ ശരണ്യ സമ്മതിച്ചിട്ടില്ല.

സോഷ്യല്‍ മീഡിയകളിലൂടെ ഓരോ പ്രാവശ്യം നടി എത്തുമ്പോഴും ജീവിതത്തിലേക്ക് തിരിച്ചുവരവിന്റെ സൂചന നടി നല്‍കി. രോഗക്കിടക്കിയിലേക്ക് വീഴുന്നതിന് മുമ്പ് ശരണ്യ പങ്കുവെ വീഡിയോയും സഹജീവികളുടെ ഹൃദയവും മനസും നിറയ്ക്കുന്നതായിരുന്നു. മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് തന്റെ യൂട്യൂബ് വരുമാനത്തിലല്‍ നിന്നും പതിനായിരം രൂപ ശരണ്യ നല്‍കിയിരുന്നു. കോവിഡ് പ്രതിസന്ധിയില്‍ ഒപ്പം നില്‍ക്കണമെന്നും അന്ന് ശരണ്യ അപേക്ഷിച്ചിരുന്നു. 100 രൂപ എങ്കിലും കോവിഡ് പ്രതിസന്ധിയില്‍ മറ്റുള്ളവരെ സഹായിക്കാന്‍ മാറ്റി വയ്ക്കണമെന്ന് ശരണ്യ അപേക്ഷിച്ചതായി അമ്മ അന്ന് വിഡിയോയിലെത്തി പറഞ്ഞിരുന്നു.

കോവിഡ് ബാധിച്ച് മെയ് 23നാണ് ശരണ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. നില ഗുരുതരമായതിന് പിന്നാലെ വെന്റിലേറ്റര്‍ ഐസിയുവിലേക്ക് മാറ്റി. ജൂണ്‍ 10ന് നെഗറ്റീവ് ആയതിനെത്തുടര്‍ന്ന് മുറിയിലേക്കു മാറ്റിയെങ്കിലും അന്നു രാത്രി തന്നെ പനികൂടി വെന്റിലേറ്റര്‍ ഐസിയുവിലേക്കു മാറ്റിയിരുന്നു. സ്ഥിതി പിന്നീടു വഷളാവുകയായിരുന്നു. ഇന്നലെ അമ്മയെ സ്‌നേഹ സീമയില്‍ തനിച്ചാക്കി ശരണ്യ യാത്രയായി.