മതം പാരയായി, ഒടുവില്‍ ഒളിച്ചോടാന്‍ ഉറപ്പിച്ചു അങ്ങനെ വിവാഹം, ശശാങ്കന്റെ ജീവിതം

മലയാളികളുടെ പ്രിയപ്പെട്ട മിമിക്രി കലാകാരനും നടനുമാണ് ശശാങ്കന്‍ മയ്യനാട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമാകുന്നത് ശശാങ്കന്റെ വിശേഷങ്ങളാണ്. കൊല്ലം സ്വദേശിയായ ശശാങ്കന്റെ അച്ഛന്‍ ശശിധരന്‍ ഡാന്‍സറാണ്. സ്വന്തമായി ഒരു ബാലേ ട്രൂപ്പും അദ്ദേഹം നടത്തുന്നുണ്ട്. അമ്മ ശാരദയും ചേട്ടന്‍ ശരത്തും അനിയന്‍ സാള്‍ട്ടസും ഗായകരാണ്.

ചെറുപ്പത്തില്‍ വലിയ കലാപരമായ കഴിവുകള്‍ ഒന്നും തനിക്ക് ഉണ്ടായിരുന്നില്ല പിന്നീടാണ് മിമിക്രി തുടങ്ങിയതും അതില്‍ തന്നെ തുടര്‍ന്നതുമെന്നും പറയുകയാണ് നടന്‍. സംഗീത് ശശിധരന്‍ എന്നാണ് ശശാങ്കന്റെ യഥാര്‍ത്ഥ പേര്. പത്താം ക്ലാസ് മുതല്‍ മിമിക്രിയില്‍ സജീവമായി. വീട്ടില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നതിനാല്‍ എസ്.എസ്.എല്‍.സിയോടെ പഠനം നിര്‍ത്തി. മിമിക്രിക്ക് ഒപ്പം കൂലിപ്പണിയും പെയിന്റിങ്ങും വാര്‍ക്കപ്പണിയും ഒക്കെ താരം ചെയ്തു. പിന്നീടാണ് ശശാങ്കന്‍ കലാ രംഗത്ത് സജീവമാകുന്നത്.

നിരവധി സിനിമകളിലും ശശാങ്കന്‍ പ്രത്യക്ഷപ്പെട്ടു. മാര്‍ഗംകളി എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി. ഒരു പരസ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ പോയ വഴിയാണ് തന്റെ ജീവിതത്തിലെ പുതിയ ഒരേടിനു തുടക്കം കുറിക്കുന്നതെന്നു പറയുകയാണ് ശശാങ്കന്‍. പരസ്യചിത്രത്തിനായുള്ള യാത്രക്കിടയില്‍ കൊല്ലം എസ്.എന്‍ കോളേജിന്റെ എതിര്‍ വശത്തുള്ള ബേക്കറിയിലൊന്നു കയറിയപ്പോഴാണ് കാഷ് കൗണ്ടറിലിരിക്കുന്ന പെണ്‍കുട്ടി ശശാങ്കന്റെ ആരാധികയാണ് എന്ന് അറിയുന്നത്. അങ്ങനെ പരിചയപ്പെട്ടു. പരിചയം പിന്നീട് പതിയെപ്പതിയെ പ്രണയമായി. ഇതോടെ ശശാങ്കന്‍ കടയിലെ നിത്യസന്ദര്‍ശകനായി മാറുകയും ചെയ്തു.

അങ്ങനെ ഒടുവില്‍ മെര്‍ലിന്‍ എന്ന ആനി ശശാങ്കന്റെ ജീവിതത്തിലേക്ക് കടന്നു വന്നു. കുടുംബക്കാരുടെ പിന്തുണയോടെയും അനുമതിയോടെയും ആയിരുന്നില്ല ആ വിവാഹം. വിവാഹ ശേഷമാണ് ആനിയുടെ കുടുംബത്തിന്റെ പിന്തുണ ലഭിച്ച് തുടങ്ങിയത്. മതം ആണ് ഇരുവരുടെയും വിവാഹത്തിന് പ്രശ്‌നം ആയത്. ഒടുവില്‍ ഒളിച്ചോടാന്‍ ഇരുവരും ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ മണവാട്ടിയേം കൊണ്ട് ശശാങ്കന്‍ നേരെ പോയത് കല്‍പനയൊക്കെ പങ്കെടുക്കുന്ന സ്റ്റേജ് ഷോയിലേക്കായിരുന്നു. കല്‍പ്പനയ്ക്ക് ഒപ്പം പങ്കെടുക്കുന്ന സ്‌കിറ്റാണ് ശശാങ്കന്‍ അവതരിപ്പിച്ചത്.

പരിപാടി കഴിഞ്ഞതും ആനിയേയും കൂട്ടി സ്വന്തം വീട്ടിലേക്കാണ് താന്‍ പോയതെന്ന് ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ പറയുന്നു. ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന അച്ഛനോട് താന്‍ വിവാഹം കഴിച്ചുവെന്നും പറഞ്ഞതായും പിന്നീടാണ് തന്റെ വീട്ടുകാര്‍ അമ്പലത്തില്‍ വച്ച് തങ്ങളുടെ വിവാഹം നടത്തിയതെന്നും ശശാങ്കന്‍ വ്യക്തമാക്കി. പിന്നീട് ആനിയുടെ വീട്ടുകാരുടെ പിണക്കവും മാറി.